ഇന്ത്യയിലും ഗൂഗിൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. 453 ജീവനക്കാരെയാണ് ഗൂഗിൾ ഇന്ത്യയിൽ പിരിച്ചുവിട്ടത്. ഇ മെയിൽ വഴിയാണ് പിരിച്ചുവിടൽ വിവരം ഗൂഗിൾ ജീവനക്കാരെ അറിയിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഇമെയിൽ ജീവനക്കാർക്ക് ലഭിച്ചത്.
ഗൂഗിൾ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്തയാണ് പിരിച്ചുവിടൽ ഇ മെയിൽ അയച്ചത്. കൂടാതെ പിരിച്ചുവിടലിന്റെ പൂർണ്ണ ഉത്തരവാദിത്തവും സി.ഇ.ഒ സുന്ദർ പിച്ചെ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞതായും ഇമെയിലിലുണ്ട്. അതേസമയം ആഗോളതലത്തിൽ 12,000ത്തോളം ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിടാൻ ഒരുങ്ങുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സമാനമായ രീതിയിൽ നേരത്തേ സ്ട്രീമിങ് കമ്പനിയായ ആമസോണും നെറ്റ്ഫ്ലിക്സും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ആമസോൺ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടപിരിച്ചുവിടലിനുള്ള കാരണമെന്ന് വിലയിരുത്തുന്നു.