വയനാട്: കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 174 ആയി.ഇന്നും ചാലിയാർ പുഴയിൽ മൃതദേഹങ്ങൾ ഒഴുകിയെത്തിയിരുന്നു. രക്ഷാപ്രവർത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെങ്കിലും ഇപ്പോളും പല സ്ഥലങ്ങളിലേക്കും എത്തിപെടാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്.
നിരവധി ആളുകൾ തകർന്നടിഞ്ഞ വീടുകൾക്കും കെട്ടിടങ്ങൾക്കുമടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.400 വീടുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 30 വീടുകൾ മാത്രമെന്ന് ഗ്രാമ പഞ്ചായത്ത്. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തും. 18 ലോറികൾ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീടിവ റോഡ് മാർഗം വയനാട്ടിൽ എത്തിക്കും.
ബെയിലി പാലം നിർമാണം രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സൈന്യത്തിന്റെ 3 കെടാവർ ഡോഗുകളും ഒപ്പമെത്തും.