തുർക്കി- സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. തുർക്കിയയിൽ 35,418ഉം സിറിയയിൽ 5800ഉം മരണമാണ് സ്ഥിരീകരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ അകപ്പെട്ട 42കാരിയെ 222 മണിക്കൂറിനുശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി. ദക്ഷിണ തുർക്കിയയിലെ കഹ്റമന്മറാസിലാണ് ബുധനാഴ്ച മലികെ ഇമാമോഗ്ലുവെന്ന സ്ത്രീ അതിജീവിച്ചത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒമ്പതു ദിവസത്തിനുശേഷവും രക്ഷാപ്രവർത്തനം ശ്രമകരമായി തുടരുകയാണ്. ചൊവ്വാഴ്ച തുർക്കിയയിൽ 17, 21 വയസ്സുള്ള സഹോദരങ്ങളെ രക്ഷിച്ചു.
തുർക്കിയയിലെ ഹത്തേയിൽ കെട്ടിടാവശിഷ്ടത്തിനിടയിൽനിന്ന് 15കാരി ഫാത്തിമയെ 200 മണിക്കൂറിന് ശേഷം രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുള്ള നിരവധി പേരാണ് കൊടുംശൈത്യവും വിശപ്പും ദാഹവും അതിജീവിച്ച് കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ജീവൻ നിലനിർത്തിയത്. അതേസമയം നിരവധി രാജ്യങ്ങളിൽ നിന്നും വിവിധ സംഘങ്ങളാണ് രക്ഷപ്രവർത്തനത്തിനായി എത്തിയത്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് നടത്തുന്ന പരിശോധനകൾക്കുശേഷം നിരവധി പേരെ രക്ഷപ്പെടുത്തി.
1,05,000ത്തിലേറെ പേർക്കാണ് ഇതുവരെ പരിക്കേട്ടിട്ടുള്ളത്. അതേസമയം 13000ത്തിലേറെ പേർ ഇപ്പോഴും ആശുപത്രിയിലാണ്. ഫെബ്രുവരി ആറിന് പുലർച്ചെയാണ് തുർക്കിയെയും സിറിയയെയും ദുരിതത്തിലാഴ്ത്തിയ ഭൂകമ്പമുണ്ടായത്. നിരവധി അത്ഭുതകരമായ അതിജീവനസംഭവങ്ങളാണ് പുറത്തുവന്നത്. അതേസമയം കെട്ടിടങ്ങളുടെ പുനർനിർമാണം ഒരു മാസത്തിനുള്ളിൽ തന്നെ ആരംഭിക്കുമെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.