കരിപ്പൂർ – യുഎഇ സെക്ടറുകളിലെ നാല് സർവീസുകൾ എയര്‍ ഇന്ത്യ നിർത്തലാക്കി. എയർ ഇന്ത്യയുടെ എഐ 937 കരിപ്പൂർ–- ദുബായ് സര്‍വ്വീസ്, എഐ 997 കരിപ്പൂർ–- ഷാർജ സർവീസ്, തിരികെ ഷാർജ നിന്നും ദുബായില്‍നിന്നും കരിപ്പൂരിലേക്കുള്ള രണ്ട് സർവീസുകൾ എന്നിവയാണ് നിർത്തിയത്. ഈ സര്‍വ്വീസുകളെ വിവരങ്ങൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നും ഒഴിവാക്കുകയും ചെയ്തു.
സർവീസുകൾ നിർത്തിയതിന് പുറമെ ചില സര്‍വ്വീസുകളുടെ സമയത്തില്‍ മാറ്റവും വരുത്തിയിട്ടുണ്ട്. ഇതിനിടെ സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന സർവീസുകളുടെ ബുക്കിങ്ങും നിർത്തിവച്ചത് എയർ ഇന്ത്യ ദുരിതത്തിലാക്കുകയാണ്. മാർച്ച് 27 മുതൽ ബുക്കിങ് നിർത്തുന്ന സന്ദേശം ട്രാവൽ ഏജന്റുമാർക്ക് എയര്‍ ഇന്ത്യ നല്‍കിക്കഴിഞ്ഞു.
ഇതോടെ തിരക്കേറിയ സെക്ടറിലേക്കുളള യാത്രാദുരിതവും വർധിക്കും. ഇതോടെ വിദേശ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനും സാധ്യതയുണ്ട്. മധ്യവേനൽ അവധി ആരംഭിക്കാന്‍ താമസമില്ലെന്നിരിക്കെ എയര്‍ ഇന്ത്യയുടെ നീക്കം യുഎഇ പ്രവാസികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പരിഹാരം ആവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകൾ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുകയാണ്.