ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ നിർമ്മിക്കുന്ന അലങ്കാര ഗോപുരത്തിൻ്റെ താഴികക്കുടം സ്ഥാപിക്കൽ ചടങ്ങ് ഇന്നലെ നടന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ താഴികക്കുട സ്ഥാപന ചടങ്ങ് നിർവ്വഹിച്ചു.
വെൽത്ത് ഐ ഗ്രൂപ്പ് എംഡിയും പ്രവാസി വ്യവസായിയുമായ വിഘ്നേഷ് വിജയകുമാറാണ് വഴിപാടായി കിഴക്കേനടയിൽ പ്രവേശന കവാടവും നടപ്പന്തലും നിർമ്മിക്കുന്നതും നവീകരിക്കുന്നതും. ചടങ്ങിൽ പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമറിൻ്റെ പിതാവും വെൽത്ത് ഐ ഗ്രൂപ്പ് ചെയർമാനുമായ വിജയകുമാറിൽ നിന്നുമാണ് ദേവസ്വം ചെയർമാൻ താഴികക്കുടം ഏറ്റുവാങ്ങിയത്.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ശിൽപികളായ എളവള്ളി നന്ദൻ, മാന്നാർ മനോഹരൻ, ദേവസ്വം മരാമത്ത് ചീഫ് എൻജിനിയർ എം.ജി.രാജൻ, എക്സി.എൻജീനിയർ എം.കെ.അശോക് കുമാർ, അസി.എക്സി.എൻജീനിയർ വി.ബി.സാബു, അസി.എൻജീനിയർ നാരായണനുണ്ണി, മറ്റ് ജീവനക്കാർ, വിഘ്നേഷ് വിജയകുമാറിൻ്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.