രണ്ട് നാടുകൾ മണ്ണിനടിയിലാണ്. വീണു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ജീവൻ പൊലിഞ്ഞവർ 28,000 ത്തിലധികം. മരണത്തിനും ജീവിതത്തിനുമിടയിൽ അവസാന ശ്വാസവും മുറുക്കെ പിടിച്ച് രക്ഷാപ്രവർത്തകർക്കായി കാത്തു കിടക്കുന്ന എണ്ണമറിയാത്ത മറ്റു പലരും. ചുറ്റും ചോരയുടെ മണവും കണ്ണീരിൻ്റെ നനവും മാത്രം. തുർക്കിയിലും സിറിയയിലും അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പം ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
നിരവധി രാജ്യങ്ങളാണ് ഇരു നാടുകൾക്കും സഹായവുമായി ദിനം പ്രതി എത്തുന്നത്. അവിടെ വ്യത്യസ്തമാവുകയാണ് ഖത്തർ എന്ന കൊച്ചു രാജ്യം. വിനാശകരമായ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച ഇരു നാടുകൾക്കുമായി ‘ഔൺ ഡബ്ല്യു സനദ്’ എന്ന ധനസമാഹരണ കാമ്പയിൻ ഇന്നലെ ഖത്തർ ടിവിയിൽ നടന്നു. മണിക്കൂറുകൾ മാത്രം നീണ്ട തത്സമയ സംപ്രേക്ഷണത്തിനിടെ 168 മില്യണാണ് ഖത്തർ ജനത ദുരിതബാധിതർക്കായി സമാഹരിച്ചത്.
മണിക്കൂറുകൾ നീണ്ട ടെലിത്തൺ പരിപാടിയിൽ ആകെ ഖത്തർ റിയാൽ 168,015,836, അതായത് 168 മില്യൺ സംഭാവനയായി ലഭിച്ചു. സർക്കാർ സ്ഥാപനങ്ങളും വ്യക്തികളും ബാങ്കുകളും രാജ്യത്ത് പ്രവർത്തിക്കുന്ന മറ്റ് ബിസിനസ് കോർപ്പറേറ്റുകളും സംഭാവന നൽകി. പ്രധാന ദാതാക്കളിൽ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിൻ്റെ ജനറൽ എൻഡോവ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് എന്നിവയും ഉൾപ്പെടുന്നുണ്ട്. ഇവർ 10 മില്യൺ റിയാലാണ് സംഭാവന ചെയ്തത്. ഖത്തർ നാഷണൽ ബാങ്കും (ക്യുഎൻബി) 10 മില്യൺ റിയാൽ നൽകി ദുരിതബാധിതർക്കായി കൈ കോർത്തു.
ടെലികോം ഓപ്പറേറ്റർ ഊറിദൂവും ദോഹ ബാങ്കും ഒരു മില്യൺ റിയാൽ വീതം സംഭാവന നൽകി. മാത്രമല്ല, വ്യക്തിഗത മനുഷ്യസ്നേഹികളിൽ നിന്നും സംഭാവനകൾ ഒഴുകിയെത്തി. റൗദ ബിൻത് ഫഹദ് എന്ന കുട്ടി രണ്ട് മില്യൺ റിയാലാണ് സംഭാവന ചെയ്തത്. അതേസമയം അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്ന മറ്റൊരു വ്യക്തി 1.5 മില്യൺ റിയാൽ നൽകി ദുരിതബാധിതർക്ക് കൈത്താങ്ങായി.
ഖത്തറിലെ തുർക്കി അംബാസഡർ എച്ച് ഇ ഡോ. മുസ്തഫ ഗോക്സുവും ടെലിത്തണിൽ പങ്കു ചേർന്നു.10,000 ഖത്തർ റിയാലാണ് അദ്ദേഹം സംഭാവനയായി നൽകിയത്. തുർക്കിയിലെയും സിറിയയിലെയും ജനതയെ ഭൂകമ്പം വിഴുങ്ങിയപ്പോൾ ഓടിയെത്തുകയും സഹായമായി അവർക്ക് നേരെ കരങ്ങൾ നീട്ടുകായ് ചെയ്ത ഖത്തർ സർക്കാരിനോടും ജനങ്ങളോടും നന്ദി പറയാനും അദ്ദേഹം മറന്നില്ല. തുർക്കിയ്ക്ക് വേണ്ടിയുള്ള വളരെ വിലപ്പെട്ട ഈ ധനസമാഹരണ ക്യാമ്പയിൻ സംഘടിപ്പിച്ചതിന് ക്യുഎംസി, ഖത്തർ ടിവി, മറ്റ് സംഘടനകൾ എന്നിവരോട് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുഷ്കരമായ ഈ സാഹചര്യത്തിലും തങ്ങളെ ചേർത്ത് പിടിക്കുന്ന ഖത്തർ ജനതയോട് വളരെയധികം നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരിതാശ്വാസ സഹായ സാമഗ്രികൾ അയയ്ക്കുന്നതിനായി ദോഹയ്ക്കും ഇസ്താംബൂളിനും ഇടയിൽ ഖത്തർ ആദ്യത്തെ എയർ ബ്രിഡ്ജ് സ്ഥാപിച്ചു. ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ് (ക്യുഎഫ്എഫ്ഡി), ക്യുആർസിഎസ്, ക്യുസി എന്നിവയും മറ്റ് സംഘടനകളും എയർ ബ്രിഡ്ജ് വഴി ഇതുവരെ 12 ലധികം വിമാനങ്ങളിലായി ദുരിതാശ്വാസ സഹായം എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ ക്യാമ്പയിന് കീഴിൽ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ – കത്താറ, സൂഖ് വാഖിഫ്, ആസ്പയർ സോൺ പാർക്ക് എന്നിവയുൾപ്പെടെ, രാജ്യത്തുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ പണവും സാധനങ്ങളും ശേഖരിക്കുന്നതിനുള്ള നിരവധി പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ ഖത്തർ മീഡിയ കോർപ്പറേഷൻ (ക്യുഎംസി), ഖത്തർ റെഡ് ക്രസന്റ് (ക്യുആർസിഎസ്), ഖത്തർ ചാരിറ്റി (ക്യുസി) എന്നിവയുടെ ഏകോപനത്തോടെ റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്ടിവിറ്റീസ് (ആർഎസിഎ), അഭയ സാമഗ്രികൾ, ഭക്ഷണം, തുടങ്ങിയ ദുരിതാശ്വാസ സഹായങ്ങൾ നൽകുന്നതിനായുള്ള ക്യാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഔദ്യോഗിക ചാനലുകൾ ദുരിതബാധിത പ്രദേശങ്ങളിലേക്ക് സംഭാവനകൾ സുരക്ഷിതമായി കൈമാറാൻ സഹായിക്കുന്നുണ്ട്. ടാർഗെറ്റു ചെയ്ത ആളുകൾക്ക് സംഭാവനകളും ദുരിതാശ്വാസ സാമഗ്രികളും എത്രയും വേഗം എത്തിക്കുന്നത് RACA ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ക്യുഎംസി, ക്യുആർസിഎസ്, ക്യുസി എന്നിവയുമായി ഏകോപിപ്പിച്ചാണ് ഈ ധനസമാഹരണ കാമ്പയിൻ ആരംഭിച്ചത്തെന്ന് ക്യുആർസിഎസിലെ റിലീഫ് ആൻഡ് ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്ടർ ഡയറക്ടർ ഡോ. മുഹമ്മദ് സലാ ഇബ്രാഹിം പറഞ്ഞു.
ഖത്തറിന്റെ മികവുറ്റ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമദ് അൽ താനി 50 മില്യൺ നൽകി മുന്നിൽ നിന്ന് ജയിച്ചപ്പോൾ ഖത്തർ ജനതയും കൂടെ ചേർന്ന് രണ്ട് നാടുകളുടെ കണ്ണീരാണ് തുടച്ചത്. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ വീണുപോയ തുർക്കിയെയും സിറിയയേയും പിടിച്ചെഴുന്നേൽപ്പിക്കാൻ ഖത്തർ എന്ന കൊച്ചു രാജ്യം കരങ്ങൾ കൊടുക്കുകയാണ്. സഹോദരന്റെ പ്രയാസത്തിൽ ഒപ്പം നിൽക്കുന്നവന്റെ കൂടെയാണ് ദൈവമുണ്ടാവുക എന്ന തിരുവചനം അക്ഷരാർത്ഥത്തിൽ സത്യമാണെന്ന് കാണിച്ചു തരുകയാണ് ഈ ജനത.