ലോകത്തെ ഒന്നാകെ നടക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്ത ഭൂകമ്പത്തിൽ വ്യാപകനാശമുണ്ടായ തുർക്കിയിൽ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്. 21,000 ത്തിലധികം പേരാണ് ഈ ദുരന്തത്തിൽ മരണപ്പെട്ടത്. നിരവധി രാജ്യങ്ങൾ തുർക്കിയ്ക്കും സീറിയയ്ക്കും സഹായത്തിനായി എത്തിയിരുന്നു. ഇപ്പോഴിതാ, രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യൻ ആർമിയിലെ സൈനിക ഉദ്യോഗസ്ഥയെ ഒരു തുർക്കി വനിത ആലിംഗനം ചെയ്ത് ചുംബിക്കുന്ന ചിത്രമാണ് വൈറലാവുന്നത്.
We Care.#IndianArmy#Türkiye pic.twitter.com/WoV3NhOYap
— ADG PI – INDIAN ARMY (@adgpi) February 9, 2023
ഇന്ത്യൻ ആർമിയുടെ അഡിഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ്റെ (എഡിജി പിഐ) ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘വി കെയർ’ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. ഭൂകമ്പത്തെത്തുടർന്ന് തുർക്കിയെയും സിറിയയെയും സഹായിക്കാൻ ഇന്ത്യ ആരംഭിച്ച ‘ഓപറേഷൻ ദോസ്തി’നു കീഴിലാണ് ഇന്ത്യൻ സൈന്യം രണ്ട് രാജ്യങ്ങളിലും രക്ഷാപ്രവർത്തനത്തിനായി എത്തിയത്.
ഇവരെ കൂടാതെ മറ്റ് സംഘങ്ങളെയും മെഡിക്കൽ ടീമുകളെയും ഇരു രാജ്യങ്ങളിലും വിന്യസിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യംദുരിത മേഖലയിൽ ആശുപത്രി നിർമിക്കുന്നതിൻ്റെയും ഭൂകമ്പ ബാധിത മേഖലയിലെ താമസക്കാരെ ചികിത്സിക്കുന്നതിൻ്റെയും ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നേരത്തേ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഓപറേഷൻ ദോസ്തിൻ്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സാമഗ്രികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ സാധനങ്ങളും കിറ്റുകളുമടക്കമുള്ള ആറ് വിമാനങ്ങളാണ് തുർക്കി, സിറിയ എന്നിവിടങ്ങളിലേക്ക് അയച്ചത്.
തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുമായി തിങ്കളാഴ്ച പുലർച്ചെയാണ് ലോകത്തെ നടുക്കിയ ഭൂകമ്പമുണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ വൻഭൂകമ്പത്തിൽ മരണം 21,000 ത്തിലധികം പേർ ഇതിനോടകം മരണപ്പെട്ടു. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകരുകയും നിരവധി പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നുണ്ട്.