ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാർക്ക് ഇനി പാസ്പോർട്ടോ ബോർഡിംഗ് പാസോ ആവശ്യമില്ല. ബയോമെട്രിക് സംവിധാനം കൂടുതൽ വിപുലീകരിച്ചു. പുതിയ സംവിധാനം നിലവിൽ വന്നതോടെ യാത്രക്കാർ പാസ്പോർട്ടോ ഐഡിയോ കാണിക്കേണ്ടതില്ല. എയർപോർട്ട് പാസ്പോർട്ട് അഫയേഴ്സ് സെക്ടർ അസിസ്റ്റന്റ് ജനറൽ ഡയറക്ടർ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാങ്കിതിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇതിന് പകരം ബയോമെട്രിക് ഗേറ്റിലെ പരിശോധനയ്ക്ക് വിധേയരായാൽ മതിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതിക വിദ്യയാണ് ദുബായ് വിമാനത്താവത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇതിലൂടെ യാത്രക്കാരന്റെ കണ്ണും മുഖവും സ്കാന്‍ ചെയ്തായിരിക്കും തിരിച്ചറിയല്‍ നടപടികൾ പൂര്‍ത്തിയാക്കുക. 2019 മുതൽ ജി ഡി ആർ എഫ് എ യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പ്രവാസികൾക്കും എമിറാത്തികൾക്കും സന്ദർശകർക്കും ഈ സംവിധാനം ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സംവിധാനം തടസ്സങ്ങളില്ലാതെ സെക്കന്റുകൾക്കുള്ളിൽ പാസ്പോർട്ട് നിയന്ത്രണം ക്ലിയർ ചെയ്യാൻ യാത്രക്കാരെ സഹായിക്കും.
നൂതന സ്മാർട്ട് സേവനങ്ങൾ വികസിപ്പിക്കാനുള്ള ദുബായുടേയും ജിഡിആർഎഫ്എയുടെ ശ്രമങ്ങളുടെ ഭാഗവുമാണ് ഈ പുതിയ സംവിധാനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വെർച്വൽ ബയോമെട്രിക് പാസഞ്ചർ യാത്ര അനുഭവിക്കാൻ സാധിക്കുമെന്ന് മേജർ ജനറൽ അൽ ഷാങ്കിതി പറഞ്ഞു. എല്ലാ കൗണ്ടറുകളും സ്മാർട്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തിയതോടെ വിമാനത്താവളത്തിലെ യാത്ര നടപടികൾ വേഗത്തിലാകുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം പാസ്പോർട്ടിൽ സ്റ്റാമ്പ് ആവശ്യമുള്ള രാജ്യത്തേക്കാണ് യാത്രയെങ്കിൽ കൺട്രോൾ ഓഫീസറെ സമീപിക്കാനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്. 122 സ്മാർട്ട് ഗേറ്റുകളാണ് നിലവിൽ ദുബായ് വിമാനത്താവളത്തിലുളളത്. 2022 ൽ 12 ദശലക്ഷത്തിലധികം യാത്രക്കാർ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.