തുർക്കിയെയും സിറിയയെയും ഒന്നാകെ ഇല്ലാതാക്കിയ ഭൂകമ്പത്തെ പരിഹസിച്ചുകൊണ്ട് ഫ്രഞ്ച് മാസികയായ ഷാർലി ഹെബ്ദോ മാസിക പുറത്തിറക്കിയ കാർട്ടൂണിനെതിരെ വൻ പ്രതിഷേധം. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മാസിക കാർട്ടൂൺ പങ്കുവച്ചത്. ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെയും മറിഞ്ഞുകിടക്കുന്ന കാറും മറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരവുമടങ്ങിയ കാർട്ടൂണിൽ ‘ടാങ്കറുകൾ അയക്കേണ്ടി വന്നില്ല’ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു.
ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ദുരന്തത്തെ ഇത്തരത്തിൽ പരിഹസിച്ചതിനെതിരെ സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധമുയരുന്നുണ്ട്. വിവേചന രഹിതവും ഇരുണ്ട തമാശയടങ്ങിയതുമാണെന്നാണ് ഈ കാർട്ടൂണിനെ പറ്റി പലരും അഭിപ്രായപ്പെട്ടത്. എന്നാൽ പരിധി ലംഘിച്ചെന്ന് മറ്റ് ചിലർ സമൂഹമാധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ചു.
അതേസമയം ആരെയും ചിരിപ്പിക്കാൻ ഉദ്ദേശിച്ചല്ല ചാർലി ഹെബ്ദോ കാർട്ടൂൺ പങ്കുവെച്ചത്. ഭയാനകമായ സാഹചര്യങ്ങളിൽ ഇത്തരത്തിൽ വിജയം കണ്ടെത്തി ജനങ്ങളിൽ വിദ്വേഷം ഉണർത്താൻ മാത്രമാണ് ഉദ്ദേശിച്ചതെന്ന് മറ്റ് ചിലർ കുറ്റപ്പെടുത്തി. ചിലർ ചാർലി ഹെബ്ദോയ്ക്ക് നൽകിയ പിന്തുണ പിൻവലിച്ചതായും അറിയിച്ചു.
ഇസ്ലാം മതത്തെ വിമർശിക്കുന്നതാണ് ഈ മാസികയുടെ ഏക വരുമാനമാർഗം. വസ്തുതാപരമായിട്ടുള്ള എന്തെങ്കിലും കാര്യം അച്ചടിക്കാൻ തുടങ്ങുന്ന അന്ന് ഈ മാസിക പ്രവർത്തനം നിർത്തേണ്ടി വരുമെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. കൂടാതെ ആയിരക്കണക്കിന് മുസ്ലിംകളുടെ മരണത്തെ ഫ്രാൻസ് പരിഹസിക്കുകയാണെന്ന് ഇസ്ലാമിക ഗവേഷണ സ്ഥാപനമായ യാഖീൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇമാം ഒമർ സുലൈമാൻ വിമർശിച്ചു.
5,000-ത്തിലധികം ആളുകളാണ് ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പത്തിൽ മരിച്ചത്. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അന്വേഷിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദുരന്തത്തെ പരിഹസിച്ചുകൊണ്ട് തമാശ പറയുന്നത്. ഇതാണോ കലയെന്നും ഇതാണോ മനുഷ്യത്വമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ ഒരാൾ പ്രതികരിച്ചത്.
മുൻപും സമാനമായ രീതിയിൽ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂണുകൾ മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് വിവാദങ്ങളും വിമർശനങ്ങളും നേരിട്ട മാസികയാണ് ചാർലി ഹെബ്ദോ. അതേ മാതൃക തന്നെയാണ് മാസിക ഇപ്പോഴും പിന്തുടർന്നതെന്ന് മറ്റു ചിലർ വിമർശിച്ചു.