വിമാനം പുറപ്പെടാൻ വൈകിയതിന് പിന്നാലെ സ്പൈസ് ജെറ്റിലെ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഡൽഹിയിൽ നിന്നും പട്നയിലേക്ക് പോവുന്ന (8721) വിമാനത്തിലാണ് സംഭവം. രണ്ട് മണിക്കൂറിലധികം കാത്ത് നിന്നിട്ടും വിമാനം വൈകിയതോടെയാണ് യാത്രക്കാർ ക്ഷുഭിതരായത്.
രാവിലെ 7.20 ന് പുറപ്പെടേണ്ട വിമാനം 10.10 ആയിട്ടും പുറപ്പെട്ടില്ല. വളരെയധികം സമയം കാത്ത് നിന്നെന്നാണ് യാത്രക്കാർ പറഞ്ഞു. ഇതിനെ തുടർന്ന് യാത്രക്കാർ പ്രകോപിതരാവുകയും വിമാനത്താവളത്തിലെ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.
അതേസമയം മോശം കാലാവസ്ഥ മൂലം വിമാനം പുറപ്പെടാൻ വൈകിയെന്നാണ് എയർലൈൻ ജീവനക്കാർ ആദ്യം പറഞ്ഞത്. പിന്നീട് സാങ്കേതിക തകരാറുകളാണ് ഇതിന് പിന്നിലെന്ന് അറിയിച്ചതായും യാത്രക്കാർ വ്യക്തമാക്കി.