നൂതന സാങ്കേതിക വിദ്യയാൽ നിർമിച്ച ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് ജിദ്ദയിൽ തുടക്കമായി. ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 300 കിലോമീറ്ററോളം സഞ്ചരിക്കാനാകുന്ന തരത്തിലുള്ള ബസുകളാണ് പൊതുഗതാഗത അതോറിറ്റി യാത്രക്കാർക്കായി പുറത്തിറക്കിയിരിക്കുന്നത്. ജിദ്ദ നോർത്ത് കോർണിഷിൽ നടന്ന ചടങ്ങിൽ പൊതുഗതാഗത അതോറിറ്റി മേധാവി റുമൈഹ് അൽറുമൈഹ് ആദ്യ സർവിസ് ഉദ്ഘാടനം ചെയ്തു.
പൊതുഗതാഗത റൂട്ടുകളിൽ ഈ ബസുകൾ പരീക്ഷണാടിസ്ഥാനത്തിലുള്ള സർവിസ് ഉടൻ ആരംഭിക്കും. പൊതുഗതാഗത റൂട്ടിൽ യാത്രക്കാരെ എത്തിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് സർവിസുകളായിരിക്കും ഇത്. അതേസമയം വിമാനത്താവളങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് ഇലക്ട്രിക് ബസുകളും സർവിസ് നടത്തുന്നുണ്ട്. ശുദ്ധമായ ഊർജത്തിൽ ഓടുന്ന ബസുകൾ റോഡുകളിലിറക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
സാപ്റ്റികോ, ജുഫാലി കമ്പനി എന്നിവയുമായി സഹകരിച്ചാണ് ജിദ്ദയിലെ പൊതുഗതാഗതാ അതോറിറ്റി ഇത്തരം ബസുകൾ റോഡിലിറക്കിയിരിക്കുന്നത്. എന്നാൽ ഏതൊക്കെ റോഡുകളിലാണ് സർവിസ് നടത്താൻ പോകുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം നിശ്ചിത സമയത്തേക്ക് പ്രത്യേക റൂട്ടുകളിലായിരിക്കും സർവിസ് നടത്തുക. തുടർന്നായിരിക്കും അവ എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഇലക്ട്രിക് ബസ് റോഡിലിറങ്ങിയതിലൂടെ ജിദ്ദക്ക് പുതിയ അനുഭവമാണ് കൈവന്നിരിക്കുന്നതെന്ന് പൊതുഗതാഗത അതോറിറ്റി മേധാവി റുമൈഹ് അൽറുമൈഹ് പറഞ്ഞു.
ജിദ്ദയിലെ തിരക്ക് ലഘൂകരിക്കുന്നതിന് ഇലക്ട്രിക് ബസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിലെ മൂന്നോ ആറോ മാസത്തേക്കായിരിക്കും പരീക്ഷണ സർവീസ്. എന്നാൽ ബസ്സുകളുടെ നേട്ടങ്ങൾ സംബന്ധിച്ച വിലയിരുത്തലുകൾ നടത്തിയതിന് ശേഷമായിരിക്കും സർവീസ് സ്ഥിരമാക്കുകയെന്ന് പൊതുഗതാഗത അതോറിറ്റി മേധാവി പറഞ്ഞു. അതേസമയം റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും വേണ്ടി റിയാദിലും അടുത്ത മാസം മുതൽ ഇലക്ട്രിക് ബസുകളുടെ സർവിസ് ആരംഭിക്കുന്നുണ്ട്