കണ്ണൂർ : കാഞ്ഞിരക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റ് കീഴടങ്ങി. ചിക്കമംഗളൂരു സ്വദേശിയായ സുരേഷ് ആണ് കീഴടങ്ങിയത്. മാവോയിസ്റ്റ് ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് പൊലീസിനോട് പറഞ്ഞു. 23 വർഷം മാവോയിസ്റ്റായി പ്രവർത്തിച്ചിട്ടും തനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.
മാവോയിസ്റ്റ് സംഘത്തിൽ നിരവധി മലയാളികളുണ്ട്. സ്ത്രീകളും സംഘത്തിലുണ്ട്. കാട്ടിൽ വെച്ച് ആന കുത്തിയതോടെയാണ് തനിക്ക് പരിക്കേറ്റതെന്നും ഇതോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്നും സുരേഷ് പറഞ്ഞു. പരിക്കേൽക്കുന്നതിന് മുൻപേ തന്നെ താൻ കീഴടങ്ങാൻ ആലോചിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി പതിനാറിനാണ് സുരേഷിനെ കർണാടക വനമേഖലയോട് ചേർന്ന് കിടക്കുന്ന ചിറ്റാരി കോളനിയിൽ എത്തിച്ച് മാവോയിസ്റ്റുകൾ മുങ്ങിയത്. രണ്ട് വനിതകൾ ഉൾപ്പെട്ട ആറംഗ മാവോയിസ്റ്റ് സംഘം കോളനിയിലെത്തി ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വാങ്ങിയ ശേഷം കാൽമുട്ടിന് പരിക്കേറ്റ സുരേഷിനെ കോളനിയിൽ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു.