74ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം. ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പ ചക്രം സമര്‍പ്പിച്ചു. 10 മണിക്ക് കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി , എന്നിവർക്കൊപ്പം മുഖ്യതിഥിയായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍ സിസി പങ്കെടുക്കും.
കര്‍ത്തവ്യ പഥിന്റെയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും നിര്‍മാണത്തില്‍ ഭാഗമായ തൊഴിലാളികളും, വഴിയോര കച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേര് ഇത്തവണ പരേഡില്‍ അതിഥികളായെത്തും. കര്‍ത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നതാകും പരേഡ്. കേരളത്തിന്റെത് അടക്കം നിരവധി ഫ്ളോട്ടുകള്‍ പരേഡില്‍ അണിനിരക്കും. കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാനം. ആറായിരം സൈനികരെ സുരക്ഷക്ക് വേണ്ടി വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷമാണ് നടക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരിഫ് മുഹമ്മദ് ഖാന് ദേശീയ പതാക ഉയര്‍ത്തി. 412 പേര്‍ക്കാണ് ഇത്തവണ പുരസ്കാരം നല്‍കുന്നത്. 29 പേര് പരമവിശിഷ്ട സേവാ മെഡലിനും 52 പേര് അതിവിശിഷ്ട സേവാ മെഡലിനും അര്‍ഹരായി. 15 പേര്‍ക്ക് ശൗര്യചക്ര പുരസ്കാരങ്ങള്‍ നല്‍കും. 10 പേര് യുദ്ധ സേവാ മെഡലും ഒരാള്‍ നാവികസേനാ മെഡലും നേടി.