നീണ്ട ഇടവേളക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മടങ്ങിയെത്തുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL) 2023 സീസൺ ഫെബ്രുവരി 18 ന് ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 19 നായിരിക്കും സമാപിക്കുക. കേരള സ്ട്രൈക്കേഴ്സ് ഉൾപ്പെടെയുള്ള ഒമ്പത് ടീമുകൾ ലീഗിൽ മത്സരിക്കും.
അതേസമയം കുഞ്ചാക്കോ ബോബനായിരിക്കും കേരള സ്ട്രൈക്കേഴ്സിനെ ഇത്തവണ നയിക്കുക എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നോൺ പ്ലേയിംഗ് ക്യാപ്റ്റൻ ആയി മോഹൻലാൽ ടീമിനൊപ്പം ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പെപ്പെ, സിജു വിൽസൺ തുടങ്ങിയ യുവതാരങ്ങളെ ഉൾപ്പെടുത്തി ശക്തമായ ഒരു ടീമിനെയാണ് ഈ സീസണിൽ കേരളം കളത്തിലിറക്കുന്നത്. ഇവരെ കൂടാതെ ജനപ്രിയ താരങ്ങളായ ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത്ത് എന്നിവരും ടീമിലുണ്ടാവും. 2021 മുതൽ കോവിഡ്-19 കാരണമാണ് ടൂർണമെന്റ് നടത്താൻ സാധിക്കാതിരുന്നത്.