അമേരിക്കയിലെ ലോസാഞ്ചലസില്‍ മോണ്ടെറെ പാര്‍ക്കിൽ ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ പത്തോളം പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച രാത്രി 10.20നാണ് യന്ത്രത്തോക്ക് ഉപയോഗിച്ച് അക്രമി വെടിയുതിര്‍ത്തത്. ചൈനീസ് പുതുവല്‍സരാഘോഷത്തിനായി ആയിരക്കണക്കിന് പേര് മൊണ്ടെറെ പാര്‍ക്കില്‍ എത്തിയിരുന്നു. രണ്ട് ദിവസമാണ് ആഘോഷം സംഘടിപ്പിക്കാറുള്ളത്. ലോസ് ആഞ്ചലസിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്. ഇവര്‍ പിരിഞ്ഞുപോയ ശേഷമാണ് വെടിവയ്പ്പുണ്ടായതെന്നാണ് സൂചന.
അക്രമി ഒരു പുരുഷനാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. മരണക്കണക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രദേശം പൊലീസിൻ്റെ സുരക്ഷാവലയത്തിലാണ്. അറുപതിനായിരത്തോളം പേര് താമസിക്കുന്ന മൊണ്ടെറെ പാര്‍ക്കില്‍ ഏഷ്യന്‍ വംശജരും ഏറെയുണ്ട്.മരണനിരക്ക് ഇനിയും ഉയരാമെന്ന് ആശങ്കയുള്ളതായി ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.