വീട്ടുവളപ്പിലെ പേരയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട പന്ത്രണ്ടു വയസ്സുകാരനെ ശസ്ത്രക്രിയയ്ക്കുശേഷം ഇന്നലെ പുലർച്ചയോടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. കുട്ടിയുടെ ഇടതുകാലിന്റെ തുടയെല്ലിനു പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരിക്കുകയാണെന്നും ചികിത്സയ്ക്കു നേതൃത്വം നൽകിയ ഡോ. ഷാക്കിബ് പറഞ്ഞു.
സ്കൂൾ വിദ്യാർത്ഥിയെ സ്കൂട്ടികൊണ്ട് ഇടിച്ചുവീഴ്ത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ പരാതിയിലാണ് സ്ഥലം ഉടമ തൂത വാഴേങ്കട കുനിയൻകാട്ടിൽ അഷറഫിനെ(48) അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗ്രൗണ്ടിൽ ഫുട്ബാൾ കളിച്ചശേഷം മടങ്ങവേ സംഘത്തിലുണ്ടായിരുന്ന കുട്ടികളിൽ ചിലർ വഴിയ്ക്കരികിലെ വീടിന്റെ പറമ്പിലുണ്ടായിരുന്ന പേരയ്ക്ക് കല്ലെറിഞ്ഞു. കല്ലെറിഞ്ഞവർ ഓടിപ്പോയി. ഇത് ശ്രദ്ധിക്കാതെ കൂട്ടുകാരുമൊത്ത് പോവുകയായിരുന്ന കുട്ടിയെ, വീട്ടിലുണ്ടായിരുന്ന സ്ഥലമുടമ സ്കൂട്ടിയിൽ പിന്തുടർന്നെത്തി ഇടിച്ചിടുകയായിരുന്നു. നിലത്തുവീണ കുട്ടിയെ ആഞ്ഞുചവിട്ടി. കൂടെയുണ്ടായിരുന്നവർക്കും മർദ്ദനമേറ്റു. നിലവിളിച്ച കുട്ടിയെ സമീപത്തെ വീട്ടുകാരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.