അറേബ്യൻ ഗൾഫ് കപ്പിന്റെ സെമിഫൈനൽ പോരാട്ടത്തിന് ബഹ്റൈൻ ഇന്നിറങ്ങുന്നു. ഇറാഖിലെ ബസ്റ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒമാനാണ് ബഹ്റൈെന്റ എതിരാളികൾ. രണ്ടു ജയവും ഒരു സമനിലയുമായി ബി ഗ്രൂപ് ചാമ്പ്യന്മാരായാണ് ബഹ്റൈൻ സെമിയിലേക്ക് ഇടം നേടിയത്. എ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിൽ എത്തിയ ഒമാനും രണ്ട് വിജയവും ഒരു സമനിലയുമാണ് ഗ്രൂപ് ഘട്ടത്തിൽ സ്വന്തമാക്കിയത്.
വെള്ളിയാഴ്ച നടന്ന അവസാന ഗ്രൂപ് മത്സരത്തിൽ കുവൈത്തിനെതിരെ സമനില (1-1) നേടിയ ബഹ്റൈൻ കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിെന്റ തിരക്കിലായിരുന്നു. ഒമാനെതിരായ സെമിഫൈനൽ മത്സരത്തിലാണ് ടീമിെന്റ മുഴുവൻ ശ്രദ്ധയുമെന്ന് കോച്ച് ഹെലിയോ സൂസ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എത്ര കൂടുതൽ ടൂർണമെന്റിൽ നിലനിൽക്കാൻ കഴിയുന്നോ അതിനനുസരിച്ച് കിരീടം നിലനിർത്തുന്നതിനുള്ള സാധ്യതയും വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെമിയിൽ വിജയിച്ചാൽ കപ്പ് നേടുന്നതിനുള്ള അവസരം ലഭിക്കും. അതിനാൽ, സെമി മത്സരത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ മുഴുവൻ -അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് തവണ ചാമ്പ്യന്മാരായ ഒമാൻ കടുത്ത വെല്ലുവിളിയായിരിക്കും സെമിയിൽ ഉയർത്തുക.
ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇറാഖിനോട് സമനില വഴങ്ങിയ ഒമാൻ തുടർന്നുള്ള മത്സരങ്ങളിൽ യമനെയും മൂന്നു വട്ടം ചാമ്പ്യൻമാരായ സൗദി അറേബ്യയെയും തകർത്താണ് സെമിയിൽ എത്തിയത്. വൈകീട്ട് 8.15നാണ് ബഹ്റൈൻ-ഒമാൻ മത്സരം. വൈകീട്ട് 4.15ന് നടക്കുന്ന ആദ്യ സെമിയിൽ ഇറാഖ് ഖത്തറിനെ നേരിടും.