ദില്ലി: എക്സിറ്റ് പോൾ പ്രവചനങ്ങളും ബിജെപിയുടെ അവകാശ വാദങ്ങളും പൊളിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴ്ച വച്ച ഇന്ത്യാസഖ്യം കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
543 അംഗ നിയമസഭയിൽ 272 പേരുടെ പിന്തുണയുള്ളവർക്കാണ് സർക്കാർ രൂപീകരിക്കാനാവുക. നിലവിൽ 241 സീറ്റുകളിൽ ലീഡ് ഉറപ്പിക്കുകയോ വിജയിക്കുകയോ ചെയ്ത ബിജെപിയാണ് പുതിയ ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുക. സർക്കാർ രൂപീകരിക്കാൻ 31 എംപിമാരുടെ കുറവ് എന്നാൽ ബിജെപിക്കുണ്ട്.
എൻഡിഎ സഖ്യകക്ഷിയായ ചന്ദ്രബാബു നായിഡുവിൻ്റെ തെലുഗുദേശം പാർട്ടിക്ക് 16ഉം ബിഹാറിലെ സഖ്യകക്ഷിയായ നിതീഷ് കുമാറിൻ്റെ ജെഡിയുവിന് 12ഉം എംപിമാരുണ്ട്. ഏക്നാഥ് ഷിൻഡേ നയിക്കുന്ന ശിവസേനയ്ക്ക് ഏഴ് എംപിമാരുണ്ട്. ബിഹാറിൽ തന്നെ ചിരാഗ് പാസ്വാൻ്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിക്ക് അഞ്ച് എംപിമാരുണ്ട്. ആർഎൽഡി, ജെ.എസ്.പി, ജെഡിഎസ് എന്നീ കക്ഷികൾക്ക് രണ്ട് എംപിമാർ വീതമാണുള്ളത്. പിന്നെ ഓരോ എംപിമാർ വീതമുള്ള ആറ് ചെറുകക്ഷികളും. ഇങ്ങനെ ആകെ മൊത്തം എൻഡിഎയ്ക്ക് 293 പേരുടെ പിന്തുണ നിലവിലുണ്ട്.
സാധാരണ നിലയിൽ സുരക്ഷിതമായി ഒരു സഖ്യസർക്കാർ രൂപീകരിക്കാൻ സാധിക്കുമെങ്കിലും വോട്ടെണ്ണൽ ആരംഭിച്ച് 12 മണിക്കൂറായിട്ടും ആ ദിശയിലുള്ള നീക്കങ്ങളൊന്നും ഇതു വരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ പത്ത് വർഷം സ്വന്തം ഭൂരിപക്ഷത്തിൽ രാജ്യം ഭരിച്ച ബിജെപിയോട് മറ്റു പാർട്ടികൾക്കുള്ള സമീപനം തന്നെയാണ് ഇതിലെ പ്രധാന വിഷയം.
ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയായ ചന്ദ്രബാബുനായിഡുവിനെ സിബിഐ അറസ്റ്റ് ചെയ്യുകയും ജയിലിൽ ഇടുകയും ചെയ്തിരുന്നു. സംസ്ഥാനം ഭരിക്കുന്ന ജഗ്ഗൻമോഹൻ സർക്കാരിനോടാണ് ബിജെപി എപ്പോഴും താത്പര്യം കാണിച്ചിരുന്നത്. പിന്നീട് ആന്ധ്രപിടിക്കാൻ ബിജെപി തുനിഞ്ഞിറങ്ങിയതോടെ ചിത്രം മാറി. വൈ.എസ്.ആർ കോൺഗ്രസും ബിജെപിയും ടിഡിപിയും പവൻ കല്ല്യാണിൻ്റെ ജനസേനയും പരസ്പരം മത്സരിക്കുന്ന നിലയായി.
അങ്ങനെ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മുൻപാണ് ബിജെപിയേയും പവൻ കല്ല്യാണിൻ്റെ ജനസേനയേയും ചേർത്ത് ആന്ധ്രയിൽ എൻഡിഎ സഖ്യം വരുന്നത്. വൈ.എസ്.ആർ സർക്കാരിനെതിരായ വോട്ടുകൾ വിഭജിച്ചു പോകാതിരിക്കാനുള്ള ചന്ദ്രബാബു നായിഡുവിൻ്റെ തന്ത്രപരമായ നീക്കം കൂടിയായിരുന്നു ഈ സഖ്യം. ഒറ്റയ്ക്ക് നിൽക്കാൻ ശക്തിയില്ലാത്ത ആന്ധ്രയിൽ ഇങ്ങനെയൊരു സഖ്യം ബിജെപിക്കും ആവശ്യമായിരുന്നു. ഒരു സഖ്യത്തിലും ഇല്ലാതിരുന്ന കോൺഗ്രസാകട്ടെ ജഗൻ്റെ സഹോദരിയായ വൈഎസ്ആർ ശർമിളയുടെ നേതൃത്വത്തിൽ ഒറ്റയ്ക്ക് പോരാടി.
പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന ആന്ധ്രയിൽ ഫലം വന്നപ്പോൾ ചിത്രം മാറി. 175 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 88 സീറ്റുകളായിരുന്നു. എന്നാൽ 133 സീറ്റുകളിൽ ജയിച്ച ടിഡിപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി. അധികാരത്തിലിരുന്ന വൈ.എസ്.ആർ കോണ്ഗ്രസ് 14 സീറ്റിൽ ഒതുങ്ങിയപ്പോൾ ടിഡിപിയുടെ സഖ്യകക്ഷിയായ ബിജെപി എട്ട് സീറ്റിലും ജനസേനാ പാർട്ടി 21 സീറ്റിലും ജയിച്ചിട്ടുണ്ട്.
ഇതോടെ ആന്ധ്ര ഭരിക്കാൻ മറ്റൊരു പാർട്ടിയുടെ സഹായം ഇനി ചന്ദ്രബാബു നായിഡുവിന് ആവശ്യമില്ല. എന്നാൽ ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് തെലുഗുദേശം കൂടെ നിന്നേ മതിയാവൂ എന്ന നിലയായി. ചന്ദ്രബാബുവിനെ അടുത്ത കാലം വരെ വേട്ടയാടിയ ചരിത്രം ബിജെപിക്കുണ്ട് എന്നത് കൊണ്ട് കൂടിയാണ് എൻഡിഎ ക്യാംപിലുള്ള നായിഡുവിനെ തേടി ഇന്ത്യ സഖ്യത്തിൽ നിന്നും വിളിയെത്തിയത്. ബിജെപിയുടേയും ഇന്ത്യ സഖ്യത്തിൻ്റേയും ക്ഷണം ലഭിച്ചെങ്കിലും നായിഡു ഒന്നിനോടും പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോൾ തന്നെ പ്രധാനമന്ത്രി മോദിയും അമിത് ഷായും നായിഡുവുമായി ഫോണിൽ സംസാരിച്ചു കഴിഞ്ഞു. എത്രയും വേഗം നായിഡുവിനെ ഒപ്പം നിർത്തി സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതു തിരിച്ചറിഞ്ഞ കോൺഗ്രസ് ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയടക്കം വാഗ്ദാനങ്ങളുമായി രംഗത്ത് എത്തിക്കഴിഞ്ഞു.
2014-ൽ വിഭജനത്തിന് ശേഷം ആന്ധ്രാപ്രദേശിൽ അധികാരത്തിൽ വന്നത് തെലുഗുദേശമായിരുന്നു. വിഭജനത്തെ തുടർന്ന് തലസ്ഥാനമായ ഹൈദരാബാദ് അടക്കം എല്ലാം നഷ്ടങ്ങളും നേരിട്ട ആന്ധ്രയ്ക്ക് പുതിയൊരു തുടക്കം നൽകാനാണ് നായിഡു ശ്രമിച്ചത്. സിംഗപ്പൂരിനെ മാതൃകയാക്കി ആന്ധ്രാപ്രദേശിലെ അമരാവതിയിൽ പുതിയൊരു തലസ്ഥാന നഗരം പണിയാൻ നായിഡു ശ്രമം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ നഗരത്തിൻ്റെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. എന്നാൽ അമരാവതി ക്യാപിറ്റൽ സിറ്റി പ്രൊജക്ട് എന്ന ഈ പദ്ധതി പിന്നീട് പല വിവാദങ്ങളിലും ചെന്നു ചാടി. നഗരം നിർമ്മിക്കാൻ ഏതാണ്ട് 33,000 ഏക്കർ ഭൂമിയായിരുന്നു കർഷകരിൽ നിന്നും ഏറ്റെടുത്തത്.
2019-ൽ അധികാരത്തിൽ വന്ന ജഗ്ഗൻമോഹൻ സർക്കാർ അമരാവതി പദ്ധതിയോട് തീരെ താത്പര്യം കാണിച്ചില്ല. പകരം മൂന്ന് തലസ്ഥാന നഗരങ്ങൾ എന്നൊരു ആശയമാണ് സർക്കാർ മുന്നോട്ട് വച്ചത്. നിയമസഭാ ആസ്ഥാനം അമരാവതിയിലും ഭരണനിർവ്വണം വിശാഖപട്ടണത്തും ജുഡീഷ്യൽ ആസ്ഥാനം കുർണൂലിലും എന്നതായിരുന്നു ജഗ്ഗൻ സർക്കാരിൻ്റെ പദ്ധതി. ഈ ത്രിനഗര തലസ്ഥാനം എന്ന ഈ ആശയം പൂർണമായി നടപ്പാക്കാൻ ജഗ്ഗൻ സർക്കാരിനും സാധിച്ചില്ല. ഇതോടെ തലസ്ഥാനം എന്നത് ആന്ധ്ര ജനങ്ങൾക്കിടയിൽ വലിയ വിഷയമായി മാറി. 2014-ലെ ആന്ധ്ര വിഭജന കരാർ പ്രകാരം അടുത്ത പത്ത് വർഷത്തേക്ക് ഹൈദരാബാദ് ഇരുസംസ്ഥാനങ്ങളുടേയും സംയുക്ത തലസ്ഥാനമായി തുടരുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ കാലാവധി ഈ മാസം രണ്ടിന് അവസാനിച്ചു. നിലവിൽ ഒരു തലസ്ഥാനമില്ലാത്ത അവസ്ഥയിലാണ് ആന്ധ്രാ ജനത.
ഈ വിഷയം തിരിച്ചറിഞ്ഞ തെലുഗുദേശവും ജനസേനയും അമരാവതി ഒരു വൈകാരിക പ്രശ്നമായി തെരഞ്ഞെടുപ്പിൽ ഉയർത്തി കൊണ്ടു വന്നിരുന്നു. തങ്ങളുടെ സർക്കാരിൻ്റെ സത്യപ്രതിജ്ഞ അമരാവതിയിൽ വച്ചായിരിക്കും എന്നവർ തെരഞ്ഞെടുപ്പിന് മുൻപേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈ.എസ്.ആർ സർക്കാർ അധികാരം നിലനിർത്തിയാൽ സത്യപ്രതിജ്ഞ വിശാഖപട്ടണത്താവും എന്നായിരുന്നു വൈ.എസ്.ആർ കോൺഗ്രസ് നേതാക്കളുടെ നിലപാട്.
അമരാവതിയിൽ ഒരു ആധുനിക നഗരം പണിയാനും വിഭജനത്തെ തുടർന്ന് ആന്ധ്രാപ്രദേശിൻ്റെ വിഭവനഷ്ടം നികത്താനും കേന്ദ്രസർക്കാരിൻ്റെ നിരന്തര സഹായവും പിന്തുണയും നായിഡുവിന് വേണം. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെ പന്തിപ്പോൾ നായിഡുവിൻ്റെ കോർട്ടിലാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവി, കൂടുതൽ കേന്ദ്ര പദ്ധതികൾ, അമരാവതി നഗരത്തിന് കൂടുതൽ ഫണ്ട് എന്നീ ആവശ്യങ്ങളെല്ലാം ഈസിയായി നടത്തി കിട്ടാനുള്ള വഴി ഇപ്പോൾ നായിഡുവിന് മുന്നിൽ തുറക്കപ്പെട്ടു കഴിഞ്ഞു. സഖ്യസർക്കാരിൽ ചേരുന്ന പക്ഷം സുപ്രധാനമായ വകുപ്പുകൾ തന്നെ ടിഡിപിക്കായി അദ്ദേഹം ചോദിച്ചു വാങ്ങിയേക്കാം.
ചന്ദ്രബാബു നായിഡു ബിജെപിയുമായുള്ള സഖ്യം തുടരാനാണ് സാധ്യതയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ എന്നാൽ നിതീഷ് കുമാറിൻ്റെ കാര്യത്തിൽ അങ്ങനെയൊരു ഉറപ്പില്ല. ബിജെപിക്കും കോൺഗ്രസിനും ഇടയിൽ ചാടി ചാടി കളിക്കുന്നതാണ് കഴിഞ്ഞ 10 – 15 വർഷത്തെ നിതീഷിൻ്റേയും ജെഡിയുവിൻ്റേയും രാഷ്ട്രീയ ചരിത്രം. ഫലം വന്ന ശേഷം മോദിയുമായി നിതീഷ് സംസാരിച്ചെങ്കിലും തന്നെ കാണാനെത്തിയ ബിജെപി നേതാക്കളെ അദ്ദേഹം കാണാതിരുന്നത് പലതരം അഭ്യൂഹങ്ങൾക്ക് കാരണമായി.
ഇതിനിടെ ഇന്ത്യ സഖ്യ നേതാക്കൾ നിതീഷിനെ ബന്ധപ്പെട്ടു. നിതീഷിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി മമതാ ബാനർജി രംഗത്ത് എത്തി. ഇന്ത്യാ സഖ്യനേതാക്കൾ അദ്ദേഹത്തിന് ഉപപ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന വാർത്തയും പുറത്തു വന്നു. എന്താവും നിതീഷിൻ്റെ അടുത്ത നീക്കം എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മൂന്നാം മോദി സർക്കാരിൽ നിതീഷ് കേന്ദ്രമന്ത്രിയായി ചേരുമെന്നും ബിഹാറിൽ ബിജെപി മുഖ്യമന്ത്രി വരുമെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇന്ന് ഉച്ചയ്ക്ക് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ കഥ മാറി.
ഇന്ത്യസഖ്യം 234 സീറ്റുകളിൽ മുന്നേറുന്ന സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീൻ പട്നായിക്കിന്റെ ബിജെഡി, ജഗൻമോഹൻ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് സംസാരിക്കും.
234 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നിൽക്കുന്നത്. 291 മണ്ഡലങ്ങളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസിന് നിലവിൽ 97 സീറ്റുകളിലാണ് ലീഡുളളത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയാണ് ഇന്ത്യാ മുന്നണിയിൽ കൂടുതൽ സീറ്റുകളിൽ മുന്നേറ്റം നടത്തുന്ന രണ്ടാമത്തെ പാർട്ടി.