മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കുട്ടിയുടെ അച്ഛന്റെ അനുജൻ 3 വർഷം മുൻപ് പാലക്കാട് നിന്നും വാങ്ങിയ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം അതേ സ്ഥലത്തു നിന്നും ബാറ്ററി മാറ്റിയിരുന്നു. ഏറെ സമയം മൊബൈലിൽ വീഡിയോ കണ്ടതിനാൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാണ് മരണകാരണമെന്നാണ് പോലീസ് നിഗമനം.
സംഭവം നടക്കുമ്പോൾ കുട്ടിയും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിൽ. മുത്തശ്ശി അടുക്കളയിൽ പോയ സമയത്ത് കുട്ടിയുടെ കയ്യിൽ നിന്നും ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ കൈവിരലുകൾ അറ്റു പോയി. കൈപ്പത്തിയും അറ്റു പോയിരുന്നു.മുഖത്തും സാരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകുകയുള്ളൂയെന്ന് പോലീസ് അറിയിച്ചു.
പട്ടിപ്പറമ്പ് കുന്നത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടേയും മകൾ ആദിത്യശ്രീയാണ് (8) മരണപ്പെട്ടത്.