2030ഓടെ യുഎഇയിൽ 6ജി എത്തുമെന്ന് റിപ്പോർട്ട്. ഇതിന് മുന്നോടിയായുള്ള നടപടികൾക്കായി ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ‘ഡു’ വും(Du) ബഹുരാഷ്ട്ര കമ്പനിയായ ‘വാവെ’യും(Huawei) ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഇപ്പോൾ 5ജി നടപ്പിലാക്കിയ രാജ്യത്ത് പ്രാഥമിക ഘട്ടം എന്നോണം 5.5ജി എത്തിക്കാനാണ് ധാരണാപത്രത്തിൽ തീരുമാനമായിട്ടുള്ളത്. ദീർഘകാല പങ്കാളിത്തത്തിനാണ് ഇരുകമ്പനികളും ബാഴ്സലോണ മൊബൈൽ വേൾഡ് കോൺഗ്രസിൽ ഒപ്പുവെച്ച കരാറിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.
‘ഡു’ ഈ സുപ്രധാന നീക്കം നടത്തുന്നത് പശ്ചിമേഷ്യയിലെ മൊബൈൽ ടെക്നോളജി വിപണിയുടെ വലിയ ശതമാനം നേടിയെടുക്കുക എന്ന ലക്ഷ്യം വെച്ചാണ്. 5.5ജി ടെക്നോളജിയുടെ പുതിയ പദ്ധതികൾ എത്തിക്കാൻ ധാരണാപത്രത്തിലൂടെ ‘ഡു’വിന് സാധിക്കും.
ഡിജിറ്റൽ നവീകരണത്തിൽ മുൻനിരയിൽ തുടരാൻ സഹായിക്കുന്ന പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിന് ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖരുമായി പ്രവർത്തിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് കരാർ സംബന്ധിച്ച് ‘ഡു’ സി.ടി.ഒ സലീം അൽ ബലൂഷി പറഞ്ഞു.