നിലമ്പൂർ: മുഖ്യമന്ത്രിയും പാർട്ടിയും നൽകിയ താക്കീതും നിർദേശങ്ങളും തള്ളി നിലമ്പൂരിലെ എൽഡിഎഫ് എംഎൽഎ പിവി അൻവർ. പരസ്യപ്രസ്താവന പാടില്ലെന്ന പാർട്ടി നിർദേശം മറികടന്ന് നിലമ്പൂർ ഗസ്റ്റ് ഹൌസിൽ മാധ്യമങ്ങളെ കണ്ട അൻവർ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചാണ് സംസാരിച്ചത്. കരിപ്പൂർ വഴി കടത്തി കൊണ്ടു വരുന്ന സ്വർണം മലപ്പുറം എസ്.പി സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ പൊലീസ് തട്ടിയെന്ന ആരോപണം ആവർത്തിച്ച അൻവർ ഇതിന് ആധാരമായി രണ്ട് സംഭവങ്ങളും അതിലെ കടത്തുകാരുടെ മൊഴികളും വീഡിയോ ദൃശ്യമായും പ്രദർശിപ്പിച്ചു.
തൻ്റെ ആരോപണങ്ങളിൽ കൃത്യമായ അന്വേഷണമല്ല നടക്കുന്നതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും പൊതുസമൂഹത്തിന് മുൻപിൽ വരുന്നതെന്ന് അൻവർ പറഞ്ഞു. മരം മുറിയുമായി കേസിൽ മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദ് പറഞ്ഞത് ഫോട്ടോയിലുള്ള മരത്തിൻറെ തടി കിട്ടിയെന്ന് പറയാനാകില്ലെന്നാണ്. തന്നെ നേരിട്ട് കൊണ്ടുപോയാൽ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസിൽ തന്നെ പ്രവേശിപ്പിച്ചിട്ടില്ല.
അൻവറിൻ്റെ വാക്കുകൾ –
188കേസുകളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കരിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ കുറിച്ചു പേരെയെങ്കിലും വിളിച്ച് മൊഴിയെടുത്താൽ പൊലീസ് സ്വർണ്ണം തട്ടിയെടുത്തത് എങ്ങനെയെന്ന് വ്യക്തമാക്കും. സ്വർണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാൽ കൃത്യമായി വിവരം കിട്ടുമെന്ന് പറഞ്ഞു. എന്നാൽ ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല.
സത്യസന്ധമായി അന്വേഷണം നടക്കുമെന്നാണ് എനിക്ക് കിട്ടിയ ഉറപ്പ്. എന്നാൽ അതല്ല സംഭവിക്കുന്നത്. സ്വർണ്ണകടത്ത് പൊട്ടിക്കലിലും, എസ്.പിയുടെ ക്യാംപ് ഓഫീസിലെ മരം മുറിയിലും, എഡിജിപിക്കെതിരായ അന്വേഷണവും കൃത്യമായല്ല നടക്കുന്നത്. മുഖ്യമന്ത്രിയെ പാർട്ടി തിരുത്തിയില്ല. തന്നെ കള്ളകടത്തകാരുടെ ആളായി മുഖ്യമന്ത്രി ചിത്രീകരിച്ചു. എനിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന കടന്നുപോയി. മുഖ്യമന്ത്രിയുടെ പ്രസ്താവന എനിക്ക് വലിയ ഡാമേജാണ് ഉണ്ടാക്കിയത്. എ.ഡി.ജി.പി എം ആർ അജിത്ത് കുമാർ എഴുതി കൊടുക്കുന്നതാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വായിക്കുന്നത്. എന്നാൽ ഇപ്പോഴും പാർട്ടിയെ ഞാൻ തള്ളിപ്പറയാനില്ല. പാർട്ടി പ്രവർത്തകർക്ക് ഒപ്പമാണ് ഞാനെന്നും. പ്രവർത്തകരാണ് പാർട്ടിയുടെ കരുത്ത്.
പൊലീസ് എൻ്റെ പിന്നാലെയുണ്ട്. ഇന്നലെ രാത്രിയും പൊലീസുകാർ വീടിന് പരിസരത്തുണ്ടായിരുന്നു. ഇനി പ്രതീക്ഷ കോടതിയിലാണ്. താൻ തെളിവുകളുമായി ഹൈക്കോടതിയെ സമീപിക്കും.
2023ൽ വിദേശത്തുനിന്ന് എത്തിയ കുടുംബവുമായി സംസാരിക്കുന്നതിൻറെ വീഡിയോ ആണ് അൻവർ പുറത്തുവിട്ടത്. പിടിച്ചെടുത്ത സ്വർണത്തിൽ പകുതിയോളം പോലീസ് മോഷ്ടിച്ചുവെന്നാണ് വീഡിയോയിൽ കുടുംബം ആരോപിക്കുന്നത്. കസ്റ്റംസ് രേഖകളിൽ പറയുന്നതും രേഖകളിൽ പറയുന്നതും പൊലീസ് പറയുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്നും വീഡിയോയിൽ പറയുന്നുണ്ട്