സൗദിയിലെ അറേബ്യയിലെ ഗെയിമർമാരിൽ പകുതിയും സ്ത്രീകളെന്ന് കണക്കുകൾ. സൗദിയിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 48 ശതമാനമാണ് സ്ത്രീ ഗെയിമർമാർ. സൗദിയിൽ ആകെ 23.5 ദശലക്ഷം ഗെയിമർമാരാണുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 70 ശതമാനം വരുമിത്.
രാജ്യത്തെ ഗെയിമിംഗ്, എസ്പോർട്സ് മേഖലക്ക് വലിയ ജനപ്രീതിയാണുള്ളത്. കൂടാതെ ഓൺലൈനിലുള്ള സ്ത്രീകളിൽ 69 ശതമാനവും ഗെയിമർമാരാണെന്നും ഇത് പുരുഷൻമാരേക്കാലും ഒരു ശതമാനം കൂടുതലാണെന്നും റെഡ്സീർ നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ഗെയിമിംഗ് ഉപഭോഗം 2030 ഓടെ 6.8 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020ൽ ഇത് 959 മില്യൺ ഡോളറായിരുന്നു. ഈ കുതിപ്പിന് സ്ത്രീകൾ വലിയൊരു സംഭാവനയാണ് രാജ്യത്തിന് നൽകുന്നതെന്ന് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകത്തേറ്റവും ജനപ്രീതിയുള്ള ഗെയിമിംഗ് ഇവന്റായ ഗെയിമേഴ്സ് 8 ന്റെ ഭാഗമായി ബുധനാഴ്ച റിയാദിലെ അൽഫൈസൽ യൂണിവേഴ്സിറ്റിയിൽ ഡേവ്സ് ടോക്ക് ഇവന്റ് നടക്കും. ‘ദ ആർട്ട് ബിഹൈൻഡ് മ്യൂസിക് കമ്പോസിങ്ങ് ഇൻ വീഡിയോ ഗെയിംസ്’ എന്ന പേരിൽ നടക്കുന്ന ദേവ്സ് ടോക്ക് പാനൽ ഇവന്റ് ബ്രിട്ടീഷ് വീഡിയോ ഗെയിം സംഗീത സംവിധായകനും സംഗീതജ്ഞനുമായ ഡേവിഡ് വൈസ് അവതരിപ്പിക്കും. നിന്റെൻഡോയുടെ ഡോങ്കി കോങ് കൺട്രി സീരീസ്, കോൾ ഓഫ് ഡ്യൂട്ടി: ബ്ലാക്ക് ഓപ്സ് 4 തുടങ്ങിയ ഗെയിമുകളിലൂടെ നിരവധി ഫോളോവേഴ്സിനെ നേടിയയാളാണ് വൈസ്.