ഇസ്രയേലിന്റെ തുടര്‍ച്ചയായുള്ള ആക്രമണത്തില്‍ ഗസയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 400 പേരെന്ന് പലസ്തീന് ആരോഗ്യപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട്. ജനസാന്ദ്രത കൂടിയ ജബലിയ അഭയാര്‍ത്ഥി ക്യാമ്പുള്‍പ്പെടെ ജനങ്ങള്‍ പാര്‍ക്കുന്ന സ്ഥലങ്ങളിലും ഗസയിലെ അല്‍ ഷിഫ, അല്‍ ഖുദ്സ് എന്നീ ആശുപത്രി പരിസരങ്ങളിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഒരു ദിവസത്തിനിടെ മരണ നിരക്ക് ഇത്രയും ഉയര്‍ന്നത്.
ജബലിയ അഭയാര്‍ത്ഥി ക്യാംപിന് നേരെയുണ്ടായ ആക്രമണത്തില്‍ മാത്രം 30 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആശുപത്രികള്‍ക്ക് നേരെയും ഇസ്രയേല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
ആശുപത്രികളില്‍ നിന്ന് രോഗകളെ ഒഴിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ തകര്‍ക്കുമെന്ന് സൈന്യം ഭീഷണി മുഴക്കിയിട്ടുണ്ട്. ഏത് നിമിഷവും പൊട്ടിത്തെറിയുണ്ടായേക്കാമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പ് അല്‍-ഖുദ്സ് ആശുപത്രിക്ക് ലഭിച്ചതായും പലസ്തീന് റെഡ് ക്രസന്റ് മീഡിയ ഡയരക്ടര്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ആക്രമണം ലെബനന്, സിറിയ എന്നീ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന തരത്തിലാണ് ഇസ്രയേല്‍ നടപടി കടുപ്പിക്കുന്നത്.