അബുദാബിയിൽ ഒരു ദിവസം 25 വിദേശികൾ വിവാഹിതരാവുന്നു . ഒരു മണിക്കൂറിൽ 4 വിദേശികൾ എന്ന രീതിയിലാണിത്. ഈ വർഷം തുടക്കം മുതൽ 2200 അപേക്ഷകളാണ് അബുദാബി ജൂഡിഷൽ ഡിപ്പാർട്മെന്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എമിറേറ്റ് സിവിൽ മാര്യേജ് നിയമം നിലവിൽ വന്നതിന് ശേഷമുള്ള കണക്കുകളാണ് സിവിൽ കുടുംബകോടതി പുറത്ത് വിട്ടത്.
ഇസ്ലാം മത വിശ്വാസികൾ അല്ലാത്ത വിദേശികൾക്ക് വ്യക്തി നിയമം പാസ്സാക്കിയതിന് പിന്നാലെയാണ് ഈ വർദ്ധനവ്. അറബി നഗരങ്ങളിൽ വ്യക്തി നിയമം പാസ്സാക്കിയ ഏക നഗരമാണ് അബുദാബി. ഇവിടെ മൂന്ന് മാസത്തിനിടയ്ക്ക് വിദേശികളുടെ വിവാഹത്തിൽ 100 ശതമാനം വർധനവുണ്ടെന്നാണ് കണക്കുകൾ. അതേ സമയം വിവാഹ മോചനവും സ്വത്ത് തർക്കം തുടങ്ങിയ പ്രശ്നങ്ങളും അധികരിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. 80 ദിവസം പോലും നീണ്ടു നിൽക്കാത്ത വിവാഹമോചനങ്ങളും ഇതിൽ പെടുന്നു.
കോടതി നടപടികൾ ഓൺലൈൻ ആയി നിർവഹിക്കുന്നത് കൊണ്ട് നേരിട്ട് കോടതിയിൽ ഹാജരാകേണ്ടി വരുന്നില്ല. വിചാരണ നീളുകയോ കൗൺസിലിംഗോ ഇവിടെ നിർദേശിക്കില്ല. ഒരു ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി വിധി പറയും. വിധി പകർപ്പ് ഇംഗ്ലീഷിലും അറബിയിലും ലഭിക്കുകയും ചെയ്യും. കോടതി തീരുമാനങ്ങൾ വ്യക്തമായി മനസിലാക്കാനാണ് ഇരു ഭാഷകളിലുമായി വിധി പകർപ്പ് നൽകുന്നതെന്ന് ജുഡിഷ്യൽ വിഭാഗം അണ്ടർ സെക്രട്ടറി യൂസഫ് സയിദ് അൽ അബ്രി പറഞ്ഞു.