ഗാസയിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ 21 മരണം. സാതർ മേഖലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹം സിവിൽ ഡിഫൻസ് ജീവനക്കാർ കണ്ടെടുത്തു. കെട്ടിടത്തിനുള്ളിൽ ഗ്യാസോലിൻ സൂക്ഷിച്ചിരുന്നതാണ് അപകടകാരണമെന്നാണ് ഗാസ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
4 നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടുത്തമുണ്ടായത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.