2023ൽ ക്ലബ് ലോകകപ്പിന് ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ചൊവ്വാഴ്യാണ്ച ജനീവയിൽ ഫിഫ പ്രഖ്യാപനം നടത്തിയത്. തീരുമാനം ഏകകണ്ഠമായിരുന്നു. ഈ വർഷം ഡിസംബർ 12 മുതൽ 21 വരെയാണ് ക്ലബ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ആറ് ഭൂഖണ്ഡങ്ങളിലെ ചാമ്പ്യന്മാരും ആതിഥേയ രാജ്യത്തെ ചാമ്പ്യൻ ക്ലബുമാണ് മത്സരത്തിൽ പങ്കെടുക്കുക.
നിലവിൽ ഏഴ് ക്ലബുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും സൗദിയിൽ അരങ്ങേറുക. 2024 മുതൽ ക്ലബുകളുടെ എണ്ണം വർധിപ്പിക്കാനാണ് ശ്രമം. 32 ക്ലബുകൾ വരെ ആയേക്കാമെന്നാണ് വിവരം. മൊറോക്കോയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ സൗദി ക്ലബായ അൽ-ഹിലാൽ വെള്ളി കിരീടം നേടിയിരുന്നു.
ബ്രസീലിയൻ ക്ലബായ ഫ്ലെമിംഗോയെ തോൽപ്പിച്ചായിരുന്നു അൽ-ഹിലാലിൻ്റെ ഫൈനലിൽ പ്രവേശം. 2000ലെ ആദ്യ ക്ലബ് ലോക കപ്പിൽ അൽ-നസ്ർ, 2005-ൽ ഇത്തിഹാദ്, 2019, 2021, 2022 എന്നീ വർഷങ്ങളിൽ അൽ-ഹിലാൽ എന്നീ സൗദി ക്ലബുകൾ ലോകകപ്പ് ക്ലബ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.
നാല് വർഷം കൂടുമ്പോൾ നടക്കുന്ന ഏഷ്യൻ കപ്പിൻ്റെ 2027ലെ മത്സരത്തിനും ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയാണ്. 2030-ലെ ഫിഫ ലോക കപ്പിെൻറ അതിഥേയത്വത്തിന് വേണ്ടിയുള്ള ശ്രമം സൗദി അറേബ്യ ഇതിനകം തുടങ്ങിക്കഴിഞ്ഞു.