2024 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 സിനിമയെ തെരഞ്ഞെടുത്തു. കേരളത്തെ പിടിച്ചു കുലുക്കിയ 2018ലെ മഹാപ്രളയം അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
തീയേറ്ററുകളിൽ വൻസ്വീകരണം കിട്ടിയ ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. 30 കോടിയോളം ചിലവിട്ട ചിത്രം ബോക്സ് ഓഫീസിൽ ഇരുന്നൂറോളം കോടി രൂപ കളക്ട് ചെയ്തു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ,ഇന്ദ്രൻസ്, സുധീഷ്, സിദ്ധീഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, അപർണ ബാലമുരളി, തൻവി റാം, റോണി, ശിവദ,വിനിത കോശി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. 2018 മെയ് അഞ്ചിനാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്.
വേണു കുന്നപ്പള്ളി, സികെ പത്മകുമാർ, ആൻ്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അഖിൽ പി ധർമ്മജനായിരുന്നു ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. ഒന്നരമാസത്തോളം തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ശേഷം ഒടിടി പ്ലാറ്റ്ഫോമിലെത്തിയപ്പോൾ ദേശീയതലത്തിലും ചിത്രം ശ്രദ്ധിക്കപ്പെടുകയും വലിയ തോതിൽ നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു.
ഇതുവരെ 55 സിനിമകൾ ഇന്ത്യയിൽ നിന്നും ഒഫീഷ്യൽ എൻട്രിയായി ഓസ്കാറിലേക്ക് മികച്ച വിദേശചിത്രത്തിനായി നിർദേശിക്കപ്പെട്ടത്. ഇതിൽ പക്ഷേം മൂന്നെണ്ണം മാത്രമാണ് അവസാന റൌണ്ടിലേക്ക് എത്തിയത്. മദർ ഇന്ത്യ, സലാം ബോംബൈ, ലഗാൻ എന്നിവയാണ് ഈ ചിത്രങ്ങൾ. മലയാളത്തിൽ നിന്നും ഗുരു, ആദാമിൻ്റെ മകൻ അബു എന്നീ ചിത്രങ്ങൾ നേരത്തെ ഒഫീഷ്യൽ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.