കാസർഗോഡ് ജില്ലയിലെ പെരിയയിൽ എയർസ്ട്രിപ്പിനായി ഏറ്റെടുത്ത സ്ഥലത്ത് പ്രവർത്തനങ്ങൾക്കായി ഉഡാൻ പദ്ധതി 129 കോടി രൂപ അനുവദിച്ചു. സ്വകാര്യ ജെറ്റ് വിമാനങ്ങളുടെ എയർസ്ട്രിപ്പ് ആയിരിക്കും പെരിയയിൽ പ്രവർത്തിക്കുക. ഏവിയേഷൻ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ഉഡാൻ മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായാണ് പെരിയയിൽ എയർസ്ട്രിപ്പിന് തുടക്കം കുറിച്ചത്. 80 ഏക്കർ സ്ഥലത്തിൽ എയർസ്ട്രിപ്പിനായുള്ള പ്രാഥമിക പ്രവർത്തനങ്ങളായിരിക്കും അനുവദിച്ച തുക കൊണ്ട് നടപ്പിലാക്കുക. കോവിഡിന് ശേഷമുണ്ടായ മാറ്റങ്ങൾ വിലയിരുത്തിയാണ് പെരിയയിൽ എയർസ്ട്രിപ്പിനുള്ള സാധ്യത കണ്ടെത്തിയത്.
ഉഡാൻ പദ്ധതിയുടെ റീജണൽ കണക്റ്റിവിറ്റി സ്കീമിലാണ് എയർസ്ട്രിപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യോമയേന വകുപ്പിന്റെ കീഴിലായിരിക്കും മുഴുവൻ പ്രവർത്തനങ്ങളും നടക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.