കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് ഐസ്ക്രീം കഴിച്ച പന്ത്രണ്ട് വയസുകാരൻ്റെ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഐസ്ക്രീമിൽ വിഷം കലർത്തിയതാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണം. സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് മരിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ കടുത്ത ഛർദ്ദി അനുഭവപ്പെട്ട കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. ഐസ്ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ആദ്യം കൊണ്ടു പോയത്. പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സ്ഥിതി മോശമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽ വച്ചാണ് കുട്ടി മരണപ്പെടുന്നത്.
ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് ഐസ്ക്രീം വാങ്ങിയ സൂപ്പര് മാർക്കറ്റ് ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചിരുന്നു. ഇവിടെ സ്റ്റോക്ക് ഉണ്ടായിരുന്ന ബാക്കി ഐസ്ക്രീമും കുട്ടി കഴിച്ച ഐസ്ക്രീമിൻ്റേയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ കുട്ടി കഴിച്ച ഐസ്ക്രീമിൽ എലി വിഷത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയതോടെ കേസിൽ പൊലീസിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും പിന്നാലെ കുട്ടിയുടെ പിതാവിൻ്റെ സഹോദരി താഹിറയെ (34 വയസ്സ്) അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കുട്ടിയുടെ പിതാവുമായി ഉണ്ടായിരുന്ന തർക്കങ്ങളെ തുടർന്നാണ് ഐസ്ക്രീമിൽ താഹിറ വിഷം കലർത്തിയതെന്നാണ് സൂചന. താഹിറ ഐസ്ക്രീം കൊണ്ടു വന്ന സമയത്ത് അഹമ്മദ് ഹസൻ റിഫായി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിൽ കൊയിലാണ്ടി പൊലീസിൻ്റെ കസ്റ്റഡിയിലുള്ള താഹിറയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. താഹിറ നേരത്തെ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അസ്വഭാവികമായാണ് ഇവർ ചോദ്യം ചെയ്യല്ലിൽ പ്രതികരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.