നീതി ആയോഗിന്റെ യോഗത്തില്‍ നിന്ന് വിട്ട് നിന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള 10 മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് വിട്ട് നിന്നത്.
വികസിത് ഭാരത് @2047 എന്ന പ്രമേയത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തിലെ പുതിയ കണ്വെന്ഷന് സെന്ററില്‍ വെച്ചാണ് യോഗം ചേര്‍ന്നത്. ലഭ്യമായ വിവര പ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് പിണറായിയെ കൂടാതെ ചടങ്ങില്‍ നിന്ന് വിട്ട് നിന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍.
അരവിന്ദ് കെജ്രിവാളും ഭഗവത് മനും നീതി ആയോഗ് യോഗം ബഹിഷ്കരിക്കുകയാണെന്ന് അറിയിച്ചിരുന്നു. അതേസമയം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും പിണറായി വിജയനും അതത് സംസ്ഥാനത്ത് നേരത്തെ തീരുമാനിച്ച പരിപാടികള്‍ ഉള്ളതിനാലാണ് പങ്കെടുക്കാത്തത് എന്നാണ് വിവരം. ബെംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
അനാരോഗ്യം കാരണമാണ് പങ്കെടുക്കാത്തതെന്ന് അശോക് ഗെലോട്ട് പറഞ്ഞു. വിദേശത്തായതിനാല്‍ പങ്കെടുക്കാനാവില്ലെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചത്. സിദ്ധരാമയ്യ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നാണ് അറിയിച്ചത്.
കെജ്രിവാളുമായുള്ള കൂടിക്കാഴ്ച ചൂണ്ടിക്കാട്ടിയാണ് ചന്ദ്രശേഖരറാവു കൂടിക്കാഴ്ചയില്‍ നിന്ന് വിട്ട് നിന്നത്. അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഢിലെയും ഹിമാചല്‍ പ്രദേശിലെയും മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു.