വാഷിങ്ടൺ : മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നൽകി യുഎസ് സുപ്രീം കോടതി. കീഴ്ക്കോടതി ഉത്തരവിനെതിരെ തഹാവൂർ റാണ നൽകിയ അപ്പീൽ ഹർജി തള്ളിയാണ് നിർണായക ഉത്തരവ്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരായ തഹാവൂർ റാണ നൽകിയ ഹർജി യുഎസ് കോടതി തള്ളുകയായിരുന്നു.
2008ലെ മുംബൈ ഭീകരാക്രമണ കേസിൽ പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരൻ റാണയെ തങ്ങൾക്ക് കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് നാടുകടത്തപ്പെടാതിരിക്കാനുള്ള റാണയുടെ അവസാന നിയമപരമായ അവസരമായിരുന്നു ഇത്. അതേസമയം രണ്ട് രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറ്റം ചെയ്യുക. 2009 മുതൽ ലൊസാഞ്ചലസിലെ ജയിലിലാണ് റാണ.
റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്നു വിധി പറഞ്ഞ മിലാൻ ഡി സ്മിത്ത്, ബ്രിഡ്ജെറ്റ് എസ്. ബേഡ്, സിഡ്നി എ ഫിറ്റ്സ്വാറ്റർ എന്നിവരടങ്ങിയ മൂന്നംഗ ജഡ്ജിമാരുടെ പാനൽ കണ്ടെത്തിയിരുന്നു. 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു.