സൗദി അറേബ്യയിൽ വാഹനങ്ങളുടെ വാർഷിക സാങ്കേതിക പരിശോധന ഫീസ് പരിഷ്കരിച്ചു. 45 റിയാൽ മുതൽ 205 റിയാൽ വരെയാണ് പരിഷ്കരിച്ച ഫീസ് നിരക്ക്. വിവിധ വാഹനങ്ങൾക്ക് വ്യത്യസ്ത ഫീസ് ആയിരിക്കും. അതേസമയം ആദ്യ പരിശോധനയിൽ പരാജയപ്പെടുന്നവർക്ക് പുനഃപരിശോധന ചെയ്യുമ്പോൾ 15 മുതൽ 68 റിയാൽ വരെയും ഫീസ് ഈടാക്കും.
സ്വകാര്യ കാർ, ടാക്സി, 10 മുതൽ 15 പേർക്ക് വരെ യാത്ര ചെയ്യാവുന്ന വാഹനങ്ങൾ, മൂന്നര ടണ്ണിൽ താഴെ ഭാരമുള്ള സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയ്ക്ക് ആദ്യ തവണ 100 റിയാലാണ് പരിശോധന ഫീസ്. പരിശോധനയിൽ പരാജയപ്പെടുന്നവർ പുനഃപരിശോധനയ്ക്ക് വിധേയമാവുമ്പോൾ 33 റിയാൽ കൂടി അടക്കേണ്ടതായി വരും. ഇത് സംബന്ധിച്ച് വാഹനങ്ങളുടെ വാർഷിക സാങ്കേതിക പരിശോധന അഥവാ ഫഹസ് നടത്തുന്നതിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ച പരിഷ്കരിച്ച ഫീസിന്റെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
16 മുതൽ 30 വരെ ആളുകളെ കൊണ്ടുപോകാൻ ശേഷിയുള്ള വാഹനങ്ങൾക്കും മൂന്നര ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ആദ്യ തവണ 141 റിയാലാണ് ഫീസ്. ശേഷം പുന-പരിശോധനക്ക് വിധേയമാവുന്നവർക്ക് 47 റിയാലുമാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. എൻജിൻ ഇല്ലാത്തതും മറ്റു വാഹനങ്ങളിൽ ചേർത്ത് വെച്ച് കൊണ്ടുപോകുന്നതുമായ മൂന്നര ടണിൽ കൂടുതലുള്ള ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ആദ്യ തവണ 184 റിയാലും പുനഃപരിശോധനക്ക് 61 റിയാലും ഫീസടക്കണം.
30 ൽ കൂടുതൽ ആളുകളെ കൊണ്ടുപോകാൻ ശേഷിയുള്ള വാഹനങ്ങൾക്കും 12 ടണ്ണിൽ കൂടുതൽ ഭാരമുള്ള സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് 205 റിയാലുമാണ് ആദ്യ തവണ അടക്കേണ്ടത്. ആദ്യ പരിശോധനയിൽ പരാജയപ്പെട്ടാൽ 68 റിയാൽകൂടി പുനഃപരിശോധനക്ക് അടക്കേണ്ടതായി വരും. ഇരു ചക്ര ബൈക്കിനും, മൂന്നോ നാലോ ചക്രങ്ങളുളള സൈക്കിളുകൾക്കും 45 റിയാൽ, 50 റിയാൽ എന്നിങ്ങിനെയാണ് ആദ്യ തവണ അടക്കേണ്ട ഫീസ്. ശേഷം ഇവയുടെ പുനഃപരിശോധനക്ക് 17 റിയാലും ഫീസ് നിശ്ചയിച്ചിട്ടുണ്ട്