ലക്ഷങ്ങൾ മുടക്കി നടത്താനിരുന്ന വർണാഭമായ സ്വാതന്ത്ര്യ ദിനാഘോഷം ടാൻസാനിയ മാറ്റി വച്ചു. പകരം ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് താമസ കേന്ദ്രങ്ങൾ നിർമിക്കാൻ തീരുമാനിച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന 61ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ആർഭാടമായ ആഘോഷമാണ് ഒഴിവാക്കിയത്. ആഘോഷങ്ങൾക്കായി 4.45 ലക്ഷം ഡോളറാണ് നീക്കിവെച്ചിരുന്നത്. ഇത് ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എട്ടു സ്കൂളുകൾക്ക് സമീപം കുട്ടികൾക്കായി ഡോർമിറ്ററികൾ നിർമിക്കാൻ പ്രസിഡന്റ് സമിയ സുലുഹു ഹസൻ ഉത്തരവിട്ടു.
ആഡംബരവും വിരുന്നുകളും ഒഴിവാക്കുകയും പകരം വികസനത്തെ കുറിച്ച പൊതുസംവാദങ്ങൾ നടത്തി മാതൃകാപരമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാനുമാണ് തീരുമാനം. അതേസമയം കുട്ടികൾക്ക് താമസകേന്ദ്രങ്ങൾ നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചുകഴിഞ്ഞതായി മന്ത്രി ജോർജ് സിംബാംച്ചവനെ പറഞ്ഞു.
ഇതിന് മുൻപും ആഡംബരപൂർണമായ സ്വാതന്ത്ര്യ ദിനാഘോഷം മാറ്റിവെച്ച് ടാൻസാനിയ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചിരുന്നു. 2015ൽ ആഘോഷത്തിനുള്ള ഫണ്ട് ഉപയോഗിച്ച് വാണിജ്യ തലസ്ഥാനമായ ദാറെ സലാമിൽ റോഡ് നിർമിക്കുകയാണ് ചെയ്തത്. 2020ൽ ആഘോഷ ബജറ്റ് ആരോഗ്യ മേഖലയിലെ പ്രവർത്തങ്ങൾക്കായി മാറ്റി വച്ച് അന്നത്തെ പ്രസിഡന്റ് ജോൺ മഗുഫുലി മാതൃക കാണിച്ചു. അതേസമയം ജോൺ മഗുഫുലിയുടെ പിൻഗാമിയായി ഇപ്പോൾ അധികാരത്തിലെത്തിയ സമിയ സുലുഹു ടാൻസനിയയുടെ ആദ്യ വനിത പ്രസിഡന്റുകൂടിയാണ്.