തബൂക്ക് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ സന്നദ്ധ പ്രവർത്തകന് മേഖല ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താൻ സ്വന്തം പേന സമ്മാനമായി നൽകി . അന്താരാഷ്ട്ര സന്നദ്ധസേവന ദിനത്തോടനുബന്ധിച്ച് മേഖലയിലെ സർക്കാറിന്റെയും ചാരിറ്റബിൾ ഏജൻസികളിലെയും സന്നദ്ധ സംഘടനകളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ വച്ചാണ് അബ്ദുൽ അസീസ് അൽസഹ്റാനി എന്ന വിദ്യാർഥിക്ക് ഗവർണർ സ്വന്തം പേന സമ്മാനിച്ചത്.
അതേസമയം ചെറുപ്പം മുതലേ യുവാക്കൾക്ക് സന്നദ്ധ പ്രവർത്തനത്തിന്റെ സംസ്കാരത്തിന്റെ പ്രാധാന്യത്തെ പറ്റിയും ഗവർണർ ചടങ്ങിൽ ചൂണ്ടിക്കാട്ടി. കൂടാതെ അബ്ദുൽ അസീസ് അൽസഹ്റാനി നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളെ മേഖല ഗവർണർ പ്രശംസിക്കുകയും ചെയ്തു. മേഖല ഗവർണർ തന്റെ പ്രത്യേക പേനയും മെഡലും സമ്മാനിച്ച് ആദരിച്ചത് സ്മരണയിൽ അനശ്വരമായി നിലനിൽക്കുമെന്ന് അഭിപ്രായപ്പെട്ടു. ഈ രംഗത്ത് രാജ്യത്തെ സേവിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രചോദനമാണ് ഗവർണറുടെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു.