പല്ല് ഉന്തിയതിന്റെ പേരിൽ അട്ടപ്പാടിയിലെ ഗോത്ര വർഗക്കാരനായ യുവാവിന് പി.എസ്.സി ജോലി നിഷേധിച്ച സംഭവത്തിൽ വനം വകുപ്പ് നിസഹായരാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. പി.എസ്.സി മാനദണ്ഡപ്രകാരമാണ് നിയമനം നൽകുക. പി.എസ്.സി യാണ് മെഡിക്കൽ പരിശോധന ഉൾപ്പെടെ നടത്തിയതെന്നും കുടുംബത്തോട് സഹതാപമുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഈ നടപടി മൂലം ഈ യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോലി എന്ന സ്വപ്നം നഷ്ടമായി. പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിനാണു പല്ലിന്റെ തകരാർ മൂലം സർക്കാർ ജോലിക്ക് തടസമായത്. പിഎസ്സിയുടെ സ്പെഷൽ റിക്രൂട്മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ മുത്തു നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും വിജയിച്ചിട്ടും പല്ലിന്റെ പേരിൽ തഴഞ്ഞെന്നാണ്. ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് പല്ലിന് തകരാർ വന്നതെന്നും പണമില്ലാത്തത് കൊണ്ടാണ് ചികിത്സിച്ചു നേരെയാക്കാത്തതെന്നും മുത്തു കൂട്ടിച്ചേർത്തു.