ഇന്ത്യക്കെതിരെയുള്ള മൂന്നാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചതോടെ ന്യൂസിലാൻഡിന് പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് വിജയിക്കുകയും രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇന്ന് ഇന്ത്യയുടെ ബാറ്റിംഗിന് ശേഷം ന്യൂസിലാൻഡ് മറുപടി ബാറ്റിംഗ് നടത്തവേയാണ് മഴയെത്തിയത്. ന്യൂസിലാൻഡ് ബാറ്റിംഗ് 18 ഓവറിൽ 104 റൺസിലെത്തിയിരുന്നു. അർധ സെഞ്ച്വറി നേടിയ ഫിൻ അലെന്റെ വിക്കറ്റ് മാത്രമാണ് കിവികൾക്ക് നഷ്ടപ്പെട്ടിരുന്നത്. 38 റൺസുമായി ഡേവൻ കോൺവേയും റൺസൊന്നുമെടുക്കാതെ നായകൻ കെയിൻ വില്യംസണുമാണ് ക്രീസിലുണ്ടായിരുന്നത്. ഇനി 32 ഓവറിൽ 116 റൺസാണ് അവർക്ക് വേണ്ടിയിരുന്നത്.
ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങിന് ക്ഷണിച്ചതിനെ തുടർന്ന് ഇറങ്ങിയ ഇന്ത്യ പത്ത് വിക്കറ്റ് നഷ്ടത്തിൽ 47.3 ഓവറിൽ 219 റൺസാണ് നേടിയിരുന്നത്. അർധ സെഞ്ച്വറി നേടിയ വാഷിങ്ടൺ സുന്ദറിന്റെ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ശ്രേയസ് അയ്യർ 49 റൺസ് നേടി. ബാക്കിയുള്ളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് 16 പന്തുകളുടെ ആയുസെ ഉണ്ടായിരുന്നുള്ളൂ. രണ്ട് ഫോറുൾപ്പെടെ നേടിയത് 10 റൺസ്. ഡാരിൽ മിച്ചലിനായിരുന്നു വിക്കറ്റ്. മോശം ഫോമിലൂടെയടാണ് പന്ത് കടന്നുപോകുന്നത്. എന്നിട്ടും നിരന്തരം അവസരം ലഭിക്കുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ആദം മിൽനെ. ഡാരിൽ മിച്ചൽ എന്നിവരാണ് ഇന്ത്യയെ എളുപ്പത്തിൽ മടക്കിയത്.