കുഞ്ഞിന് പേരിട്ട് സിയയും സഹദും. വനിതാ ദിനത്തിൽ കോഴിക്കോടുവെച്ചായിരുന്നു കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തിയത്. കോഴിക്കോട് തൊണ്ടയാട് എ.ജി.പി ഗാർഡൻ ഹെറിറ്റേജ് ഹോട്ടലിൽ നടന്ന പേരിടൽ ചടങ്ങിൽ ട്രാൻസ്ജെൻഡേഴ്സ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം നിരവധി പേർ പങ്കെടുത്തു. ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ ദമ്പതികൾക്ക് സ്വന്തം ചോരയിൽ കുഞ്ഞെന്ന റെക്കോർഡിട്ടവരാണ് സഹദും സിയയും. കുട്ടിയുമായുള്ള ഫോട്ടോ ഷൂട്ടും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
പ്രകാശം എന്നർത്ഥമുള്ള സബിയ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സബിയ സഹദ് എന്നായിരിക്കും കുഞ്ഞിന്റെ മുഴുവൻ പേര്. രണ്ട് പേർക്കും സർക്കാരിന്റെ ട്രാൻസ് ജൻഡർ ഐഡി കാർഡ് ഉള്ളതിനാൽ തങ്ങളുടെ ആഗ്രഹം പോലെ ഉടനെ ജനന സർട്ടിഫിക്കറ്റ് ലഭിക്കും.
കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ സിയ അമ്മയും സഹദ് അച്ഛനും ആയിരിക്കും. ഫെബ്രുവരി എട്ടിനാണ് ട്രാൻസ് മെൻ ആയ സഹദ് കുഞ്ഞിന് ജന്മം നൽകിയത്.
മൂന്നു വർഷം മുമ്പാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. സഹദ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആദ്യഘട്ടമായി മാറിടം നീക്കം ചെയ്തു. ഗർഭപാത്രം നീക്കം ചെയ്തിരുന്നില്ല. സിയ സ്ത്രീയാവാനുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കാനായി ഹോർമോൺ ചികിത്സയും തുടങ്ങി. അതിനിടയിലാണ് ഒരു കുഞ്ഞുവേണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെ സഹദ് ഗർഭം ധരിക്കുകയും കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.