തിരുവനന്തപുരം; തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് മോഷ്ടിച്ചു. പാറശ്ശാല പൊലീസിൻ്റെ പട്രോളിംഗ് ജീപ്പാണ് നാലംഗ സംഘം പട്ടാപ്പകൽ റോഡിൽ വച്ച് അടിച്ചു മാറ്റിയത്. വാഹനപരിശോധനയ്ക്ക് വേണ്ടി എത്തിയ പാറശ്ശാല പൊലീസ് സംഘത്തിൻ്റെ വാഹനമാണ് മോഷണം പോയത്. പൊലീസുകാരെല്ലാം വാഹനപരിശോധനയ്ക്ക് വേണ്ടി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. താക്കോൽ എടുക്കാതെയാണ് പൊലീസുകാർ വാഹനത്തിൽ നിന്നും പുറത്തേക്ക് പോയത്. ഇതിനിടെ സ്ഥലത്ത് എത്തിയ നാലംഗ സംഘം ജീപ്പിൽ കയറി അതിവേഗം വാഹനമോടിച്ച് പോകുകയായിരുന്നു.
പൊലീസുകാർ നോക്കി നിൽക്കേയായിരുന്നു സംഭവം. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ജീപ്പ് പിന്തുടർന്നു. നാട്ടുകാരിൽ നിന്നും പൊലീസുകാരിൽ നിന്നും രക്ഷപ്പെടാൻ അതിവേഗം സഞ്ചരിച്ച പൊലീസ് ജീപ്പ് ആലംപാറയ്ക്ക് സമീപം ഒരു മതിലിൽ പോയി ഇടിച്ചു. ഇതോടെ ജീപ്പിലുണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടു. എന്നാൽ വാഹനം ഓടിച്ച പരച്ചുവക്കൽ സ്വദേശി ഗോകുലിനെ പൊലീസ് പിടികൂടി. സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കലും, മോഷണവും അടക്കമുള്ള വകുപ്പുകൾ ചേർത്ത് പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘത്തിലെ മറ്റു മൂന്ന് പേർക്കായി പാറശ്ശാല പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി ഗോകുൽ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് നൽകുന്ന സൂചന.