ലോകനേതാക്കളുടെ ആഗോള സർക്കാർ ഉച്ചകോടിക്ക് ദുബൈയിൽ തുടക്കം. ‘ഭാവി സർക്കാരിനെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം ബുധനാഴ്ച സമാപിക്കും. ആദ്യ ദിനത്തിലെ ചർച്ചയിൽ യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പങ്കെടുത്തു. കൂടാതെ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും എത്തിയ വേദിയിൽ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സീസിയായിരുന്നു പ്രധാന പ്രഭാഷകൻ.
മലേറിയ, വയറിളക്കം, ചൂട് സമ്മർദ്ദം എന്നിവ മൂലമുള്ള അധിക മരണങ്ങളും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ ഭീഷണികളാണെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾറഹ്മാൻ അൽ ഒവൈസ് പറഞ്ഞു. ഈ മേഖലയിലെ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങൾ ഒരുക്കുന്നതിലൂടെ ആരോഗ്യ ഭീഷണികളെ പ്രതിരോധിക്കാൻ കഴിയും. കൂടാതെ ഗുണനിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഡിജിറ്റൽ ആരോഗ്യ സംരക്ഷണം ഒരു പുതിയ മാനദണ്ഡമായി മാറ്റാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, യെമൻ പ്രധാനമന്ത്രി മഈൻ അബ്ദുൽ മാലിക്, പരാഗ്വേ പ്രസിഡൻ്റ്് മരിയോ അബ്ദോ ബെനറ്റിസ്, സീഷൽസ് പ്രസിഡന്റ് വേവൽ റാംകലാവൻ, ഇറാഖിലെ കുർദിസ്താൻ മേഖല പ്രസിഡൻ്റ് മസ്റൂർ ബർസാനി, ഐ എം എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ, ലോക സാമ്പത്തിക ഫോറം സ്ഥാപകൻ ക്ലോസ് ഷ്വാബ് എന്നിവരും ആദ്യ ദിനത്തിൽ പങ്കെടുത്തു. അതേസമയം വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായി കൈകോർക്കാൻ യു എ ഇ യ്ക്ക് താൽപര്യമുണ്ടെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അറിയിച്ചു. 200 സെഷനുകളിലായി 300 പ്രഭാഷകർ സംസാരിക്കും. 20 രാജ്യങ്ങളിലെ പ്രസിഡൻ്റുമാരും 250 മന്ത്രിമാരും 10,000 സർക്കാർ ഉന്നതോദ്യോഗസ്ഥരും സെലിബ്രിറ്റികളുമാണ് ആഗോള സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കുക.