ഒറ്റപ്പാലം: 93 പവൻ സ്വർണാഭരണങ്ങളും ഒൻപത് ലക്ഷം രൂപയും വാങ്ങി രണ്ട് പേരെ വഞ്ചിച്ചെന്ന പരാതിയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ ജയിലിലായി. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായ ആര്യശ്രീയെയാണ് (47) വഞ്ചനാ കേസിൽ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
പഴയന്നൂർ സ്വദേശിയായ സുഹൃത്തിൽ നിന്നും 93 പവൻ മൂല്യം വരുന്ന സ്വർണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കൈപ്പറ്റിയ ആര്യശ്രീ ഒറ്റപ്പാലം സ്വദേശിയായ ഒരാളിൽ നിന്നും ഏഴരലക്ഷം രൂപയും വാങ്ങിയിരുന്നു. വൻലാഭം വാഗ്ദാനം ചെയ്താണ് ഇത്രയും പണവും സ്വർണവും ഇരുവരിൽ നിന്നുമായി ആര്യശ്രീ വാങ്ങിയത്.
2017-ലാണ് സുഹൃത്തായ പഴയന്നൂർ സ്വദേശിയിൽ നിന്നും സ്വർണം വാങ്ങിയത്. പിന്നെ മൂന്ന് തവണയായി ഒന്നരലക്ഷം രൂപയും വാങ്ങി. എന്നാൽ പണവും ആഭരണവും കിട്ടാതെ വന്നതോടെ പരാതിക്കാരി പൊലീസിനെ സമീപിച്ചു. രണ്ട് വർഷം മുൻപാണ് ഒറ്റപ്പാലം സ്വദേശിയിൽ നിന്നും പണം വാങ്ങിയത്.
നിലവിൽ വഞ്ചനാക്കുറ്റത്തിനാണ് ആര്യശ്രീക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. തെളിവെടുപ്പ് പൂർത്തിയാക്കി ആര്യശ്രീയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഒറ്റപ്പാലം ഇൻസ്പെക്ടർ എം.സുജിത്താണ് കേസ് അന്വേഷിക്കുന്നത്.