കുഞ്ഞിന് ജന്മം നല്‍കണോ എന്നത് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കാണെന്ന് ഹൈക്കോടതി. കുഞ്ഞിന് ജന്മം നല്‍കണോ എന്നത് സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഇതില്‍ നിന്നും അവരെ തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്. 23കാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ അനുമതി നല്‍കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിലൂടെ സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായ എംബിഎ വിദ്യാര്‍ത്ഥിനിയാണ് കോടതിയെ സമീപിച്ചത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം 24 ആഴ്ച പിന്നിട്ടതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ആശുപത്രികള്‍ തയാറല്ലാത്തതിനാലാണ് യുവതി കോടതിയെ സമീപിച്ചത്.
കടുത്ത മാനസികാഘാതം അനുഭവിക്കുന്ന പെൺകുട്ടിക്ക് ഗർഭം ഇനിയും തുടരേണ്ടിവന്നാൽ ജീവനുവരെ അപായമുണ്ടായേക്കാമെന്ന പ്രത്യേക മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി. അരുൺ അനുമതി നൽകിയത്. ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടേയും പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കി യുവതി സാക്ഷ്യപത്രം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.