വയനാട്: പഞ്ചാബിൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശിയായ ഹവിൽദാർ ജാഫർ അമ്മൻ്റെ മൃതദേഹം ഖബറടക്കി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ചണ്ഡീഗണ്ഡിൽ നിന്നും മൃതദേഹം വയനാട് തലപ്പുഴയിലെ വീട്ടിലെത്തിച്ചത്. വീട്ടിൽ നിന്നും ഏഴരയോടെ തലപ്പുഴ ജുമാ മസ്ജദിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെയാണ് ഖബറടക്കിയത്.
ഇന്ത്യൻ മിലിട്ടറിയിൽ നഴ്സിംഗ് അസിസ്റ്റൻ്റായി പ്രവർത്തിച്ചു വരികയായിരുന്നു വയനാട് തലപ്പുഴ പുതിയിടം അഞ്ചുകണ്ടംവീട്ടിൽ ജാഫർ അമൻ. പഞ്ചാബിൽ ജോലി ചെയ്യുന്ന ആശുപത്രിയുടെ കെട്ടിട്ടത്തിൽ നിന്നും താഴെ വീണ് ജാഫർ അമൻ്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. തുടർന്ന് ചണ്ഡീഗണ്ഡിലെ മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റിയ ജാഫറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ഞായറാഴ്ച മരണപ്പെടുകയായിരുന്നു. തേയില എസ്റ്റേറ്റ് തൊഴിലാളികളായിരുന്ന ചെറു മൊയ്തുവിൻ്റേയും ആമിനയുടേയും മകനാണ് 39-കാരനായ ജാഫർ അമ്മൻ. മൻസൂറയാണ് ഭാര്യ. ആഫിദ, റിയാൻ എന്നിവരാണ് മക്കൾ.