ഒരു നാളും ചോരാത്ത പോരാട്ട വീര്യമാണ് വിപ്ലവനായകൻ വി എസ് അച്യുതാനന്ദൻ്റേത്. പ്രായം ശരീരത്തെ നന്നേ തളർത്തിയെങ്കിലും പോരാട്ട വീര്യം പേറി നടന്ന നെഞ്ചിലെ ചോര തിളയ്ക്കുന്ന ഓർമ്മകളെ വി എസിൻ്റെ പ്രായത്തിന് ഇതുവരെ ഒന്ന് തൊടാൻ പോലും സാധിച്ചിട്ടില്ല. രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ജ്വലിക്കുന്ന നായകൻ ഇന്ന് 99ൻ്റെ നിറവിലാണ്.
1923 ഒക്ടോബർ 20ന് പുന്നപ്രയിലാണ് വി എസ് അച്യുതാനന്ദൻ ജനിച്ചത്. കഷ്ടതകൾ നിറഞ്ഞ കുട്ടിക്കാലം. അച്ഛന്റെയും അമ്മയുടെയും മരണത്തിന് ശേഷം ഏഴാം ക്ലാസിൽവെച്ച് ഔദ്യോഗിക വിദ്യാഭ്യാസം വി എസിന് അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് തയ്യൽ തൊഴിലാളിയായും കയർ ഫാക്ടറിയിലെ തൊഴിലാളിയുമായി മുന്നോട്ടുള്ള ജീവിതം നയിച്ചു. 17ാ മത്തെ വയസ്സിൽ പി കൃഷ്ണപ്പിള്ള തെളിച്ച വഴിയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്. അങ്ങനെ സിപിഎമ്മിൻ്റെ ഉന്നത നേതൃത്വങ്ങളിലേക്കും വി എസ് പടിപടിയായി വളർന്നു.
1946 ലെ ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന്റെ പ്രധാന നേതാക്കളിൽ ഒരാൾ. സമരത്തിന്റെ പേരിൽ അറസ്റ്റിലാവുകയും ശേഷം പോലീസുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു അദ്ദേഹം. പാർട്ടി രഹസ്യങ്ങൾ വെളിപ്പെടുത്താത്തതിന്റെ പേരിൽ ലോക്കപ്പ് മുറിയിൽ കടുത്ത മർദ്ദനമുറകൾ അദ്ദേഹത്തിന് നേരിടേണ്ടിവന്നു.
1957ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുമ്പോഴേക്കും പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് വളർന്ന വി എസ് അച്യുതാനന്ദൻ അന്നത്തെ ഒൻപതംഗ സംസ്ഥാനസമിതിയിലെ അംഗമായി മാറി. 1964ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് വി എസ് ഇറങ്ങി വന്നു. ഇന്നത്തെ മാർക്സിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിൽ നേതൃത്വം വഹിച്ച 32 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് വി എസ്. രാഷ്ട്രീയ രംഗത്തും പാർലമെന്ററി രംഗത്തും ഇത്രയേറെ സ്വീകാര്യനായ കമ്മ്യൂണിസ്റ്റ് നേതാവ് ഇന്ത്യയിൽ വേറെയില്ല. ഇന്നദ്ദേഹം സിപിഎം കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ്.
തോൽവിയോടെയായിരുന്നു വി എസിൻ്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തുടക്കം . 1965 ൽ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ കോൺഗ്രസിലെ കെ എസ് കൃഷ്ണക്കുറുപ്പിനോടായിരുന്നു ആദ്യമായി മത്സരിച്ചതും പരാജയപ്പെട്ടതും. പിന്നീട് 1967 ൽ കോൺഗ്രസിന്റെ എ അച്യുതനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക്. 1977ലും 1996ലുമാണ് പിന്നീട് പരാജയം അറിയേണ്ടി വന്നിട്ടുള്ളത്.
1996 ൽ ഇടതുശക്തികേന്ദ്രമായ മാരാരിക്കുളത്ത് വി എസിന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. പാർട്ടിയിലെ വിഭാഗീയതയുടെ ഫലമായായിട്ടായിരുന്നു അത്. അന്ന് മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്ന വിഎസിന്റെ തോൽവിയെക്കുറിച്ച് പാർട്ടി സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. 1992 മുതല്‍ 1996 വരേയും 2001 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയുമുളള കാലഘട്ടങ്ങളിൽ മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വഹിച്ചു. പ്രതിപക്ഷ നേതാവെന്ന രീതിയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.
2006ലാണ് വി എസ് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി അന്നുണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പാർട്ടിയും വി എസും രണ്ട് വഴിക്കെന്ന പ്രതീതിവരെ ജനിപ്പിച്ചിരുന്നു. 2011 ൽ വീണ്ടും അധികാരത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും വി എസിന്റെ നേതൃത്വത്തിൽ മികച്ച വിജയമായിരുന്നു ഇടതുമുന്നണി സംസ്ഥാനത്ത് സ്വന്തമാക്കിയത്. പോളിറ്റ്ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍, സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ അങ്ങനെ പദവികളുടെ നീണ്ടനിര തന്നെ വി എസിന്റെ രാഷ്ട്രീയ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്.
2006ൽ മുഖ്യമന്ത്രിയായിരുന്ന വി എസും പാർട്ടി സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള അഭിപ്രായ ഭിന്നത പലതവണ മറനീക്കി പുറത്തുവന്നു. കടുത്ത ഭിന്നതകൾക്കൊടുവിലാണ് 2007 മേയ് 26ന് വി എസിനെ പോളിറ്റ്ബ്യൂറോയിൽ നിന്ന് താൽക്കാലികമായി പുറത്താക്കിയത്. പിന്നീട് വിഎസിനെ കേന്ദ്രകമ്മിറ്റിയിലേക്ക് മാത്രമാക്കി ഒതുക്കി നിർത്തി. പോളിറ്റ്ബ്യൂറോ അംഗമായിരുന്ന പിണറായിക്കെതിരെയും നടപടി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പിന്നീട് പി ബിയിലേക്ക് തിരിച്ചെടുക്കുന്ന സാഹചര്യമാണുണ്ടായത്. തരംതാഴ്ത്തലിന് പുറമെ പാർട്ടിയുടെ പരസ്യശാസനയ്ക്കും വി എസ് വിധേയനാകേണ്ടി വന്നു.
ടി പി ചന്ദ്രശേഖരൻ വധത്തെതുടർന്ന് പാർട്ടി പ്രതിരോധത്തിലായിരുന്ന നാളുകളിൽ വിഎസ് നടത്തിയ ചടുലനീക്കങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കി. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം ടിപിയുടെ വീട്ടിലെത്തിയ വിഎസ് കേരള രാഷ്ട്രീയത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചു. അതേസമയം രാഷ്ട്രീയ ഭേദമന്യേ പൊതുസമൂഹത്തിൽ വി എസിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിന് ഇത്തരം നീക്കങ്ങൾ കാരണമാവുകയും ചെയ്തു. വിഎസാണ് ശരിയെന്ന് സാധാരണക്കാർ പോലും പറഞ്ഞുനടന്ന കാലം.
അഴിമതിക്കും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ എന്നും ജനങ്ങൾക്കൊപ്പം ചേർന്നുനിന്ന് ശബ്ദമുയർത്താൻ വി എസ് ഉണ്ടായിരുന്നു. ഓരോ രാഷ്ട്രീയ സംഭവവികാസങ്ങളിലും അളന്നുമുറിച്ചുള്ള വി എസിൻ്റെ നിലപാടുകൾക്കായി കേരളം കാത്തിരിക്കുമായിരുന്നു, അടുത്തകാലംവരെ.
പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ പതിന്മടങ്ങ് ഊർജം കൈവരിക്കാറുന്ന വി എസ് കഴിഞ്ഞ രണ്ടു വർഷമായി വിശ്രമം ജീവിതം നയിക്കുകയാണ്. 2019 ഒക്ടോബറിൽ പുന്നപ്ര- വയലാർ വാർഷിക ചടങ്ങുകളിൽ പങ്കെടുത്ത് തലസ്ഥാനത്തേക്ക് തിരിച്ചെത്തിയ വി എസിനെ പിറ്റേന്ന് തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അധികം വൈകാതെ ആശുപത്രി വിട്ടെങ്കിലും ഡോക്ടർമാർ അദ്ദേഹത്തിന് പൂർണ്ണ വിശ്രമം നിർദേശിച്ചു. കോവിഡ് പടർന്നു പിടിച്ചതോടെ വി എസിനെ കാണാനെത്തുന്നവർക്കും കടുത്ത നിയന്ത്രണമുണ്ടായി. അതിന് ശേഷം ഒന്നാം പിണറായി സർക്കാരിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയിൽ ആ പദവി രാജിവെച്ചിരുന്നു.
ഇന്ന് വീട്ടിനകത്ത് സഞ്ചരിക്കുന്നത് വീൽ ചെയറിന്റെ സഹായത്തോടെയാണ്. പത്രം ദിവസവും വായിച്ചു കേൾക്കുകുകയും ടെലിവിഷൻ വാർത്തകൾ മുടങ്ങാതെ കാണുകയും ചെയ്യും. കേരളം പ്രളയ ഭീഷണിയിലായതിന്റെ വാർത്തകൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ ശക്തനായ വക്താവായിരുന്നു വി എസ്. രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും തന്റെ സഹചാരിയും സുഹൃത്തുമൊക്കെയായിരുന്ന കോടിയേരിയുടെ അന്ത്യവാർത്ത ടി വി യിൽ കണ്ടപ്പോൾ കണ്ണുകളിൽ നനവ് പടർന്നു. അനുശോചനം അറിയിക്കണമെന്ന് മകൻ വി എ അരുൺ കുമാറിനോട് പറയാൻ മാത്രമേ വി സിന് കഴിഞ്ഞുള്ളു. വാർദ്ധക്യം അവശനാക്കിയെങ്കിലും കോടിയേരിയുമൊത്തുള്ള ഓർമ്മകൾക്ക് ഒട്ടും മങ്ങൽ ഏറ്റിട്ടില്ല.
99ാം വയസ്സിലേക്ക് കടക്കുമ്പോൾ പൊതുരംഗത്ത് പഴയതുപോലെ സജീവമല്ലെങ്കിലും വി എസ് എന്ന രണ്ടക്ഷരത്തിന് ജനമനസ്സുകളിൽ ഇന്നും ശക്തനായ ജനനായകൻ്റെ, പോരാളിയുടെ മുഖമാണ്. വി എസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ സന്തതസഹചാരിയാണെങ്കിലും അദ്ദേഹത്തിന്റെ ജനകീയതയ്ക്ക് ഇന്നും കോട്ടം തട്ടിയിട്ടില്ല. ഈ പ്രായത്തിലും അദ്ദേഹം പറയുന്ന വാക്കുകള്‍ക്ക് രാഷ്ട്രീയ കേരളം ശ്രദ്ധയോടെയാണ് കാതോര്‍ക്കുന്നത്. കേരള രാഷ്ട്രീയത്തിലെ പ്രായമാകാത്ത ശബ്ദത്തിന്, വിപ്ലവ നായകന് പിറന്നാള്‍ ആശംസകള്‍.