മോഷ്ടാവെന്ന് ജനക്കൂട്ടം മുദ്രകുത്തിയതിന്റെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരിത്ത് തൂങ്ങി മരിച്ച ആദിവാസി കോളനിയിലെ വിശ്വനാഥന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് കുടുബം. ഭാര്യയുടെ പ്രസവത്തിന് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയപ്പോഴായിരുന്നു ദാരുണ സംഭവം. വിശ്വനാഥന്റെ ആത്മഹത്യ വലിയ വാർത്തയായിന് പിന്നാലെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായമായി അനുവദിച്ചെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പട്ടികവർഗ ഡയറക്ടറേറ്റിൽനിന്ന് അറിയിപ്പ് ലഭിച്ചത് മാത്രമേയുള്ളുവെന്ന് കൽപറ്റ പട്ടികവർഗ ഓഫിസർ പറയുന്നു.
കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന വിശ്വനാഥന്റെ മരണത്തോടെ കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കോഴിക്കോട് പോയി പോസ്റ്റുമോർട്ടം റിപ്പോർട്ട് വാങ്ങാൻ പോലും കൈയിൽ പണമില്ലെന്ന് ബന്ധുക്കൾ പറയുന്നു. ധനസഹായമായി പ്രഖ്യാപിച്ച തുക വിശ്വനാഥന്റെ കുടുംബത്തിന് എന്ന് കൈമാറുമെന്ന് അറിയില്ലെന്നും പട്ടികവർഗ ഓഫിസർ പറഞ്ഞു.
ഫെബ്രുവരി 10നാണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തത്. യുവാവിന്റെ മരണം നീതിയുക്തമായി അന്വേഷിക്കുമെന്നാണ് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചിരുന്നത്. എന്നാൽ, അന്വേഷണത്തെക്കുറിച്ച് സഹോദരങ്ങൾക്ക് ഒന്നും തന്നെ അറിയില്ല. വിശ്വനാഥനൊപ്പം മെഡിക്കൽ കോളജിലുണ്ടായിരുന്ന ഭാര്യയുടെ അമ്മ ലീലയുടെ മൊഴി പട്ടികവർഗ കമീഷൻ ഉൾപ്പെടെ എടുത്തിരുന്നു. വിശ്വനാഥന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിലാണ് കുടുംബം ഇപ്പോഴും ഉറച്ച് നിൽക്കുന്നു. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിൽ കഴിഞ്ഞ വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്.