വീസ, എൻട്രി പെർമിറ്റുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട 15 സേവനങ്ങൾ പുതുക്കി. യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് പുതുക്കിയ സേവനങ്ങൾ പ്രഖ്യാപിച്ചത്. ഇവ സ്മാർട് ചാനലുകൾ വഴി ലഭ്യമായിരിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
സ്മാർട്ട് സേവന സംവിധാനത്തിൽ അതോറിറ്റി സ്വീകരിച്ച പുതുക്കിയ സേവനങ്ങൾ 2023 ഫെബ്രുവരി 1 മുതൽ ആരംഭിച്ചതായി ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി അറിയിച്ചു. പൗരന്മാരും താമസക്കാരും സന്ദർശകരും ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ഉപയോക്താക്കളും ഇതിൽ ഉൾപ്പെടുന്നു. അവർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും.
പുതുക്കിയ പ്രധാന സേവനങ്ങൾ
∙ 60 ദിവസത്തേയും 180 ദിവസത്തേയും കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രികൾക്ക് ടൂറിസം, ചികിത്സ, രോഗിയുടെ സഹയാത്രികൻ എന്നിവർക്കും ഗ്രൂപ്പ് ഫാമിലി വീസ അനുവദിക്കും.
1.പാസ്പോർട്ട് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും മാറ്റുന്നതിനും അപേക്ഷകൾ സമർപ്പിക്കുമ്പോൾ പൗരന്മാരുടെ വിരലടയാളം ആവശ്യമില്ല.
2.90 ദിവസത്തെ വീസയുള്ളവർക്ക് ഒരു പ്രാവശ്യം 30 ദിവസത്തേയ്ക്ക് കൂടി വീസ നീട്ടാൻ അനുവദിക്കും. എന്നാൽ അതിൻ്റെ സാധുത 6 മാസത്തിൽ കൂടുതലാണെങ്കിൽ റെസിഡൻസി വീസ പുതുക്കൽ നിരോധിക്കുകയും ചെയ്യും.
3.എമിറേറ്റ്സ് ഐഡി ഇല്ലാതെ ജിസിസി പൗരന്മാരുടെ അക്കൗണ്ടുകളിൽ വീസ ഡാറ്റ റദ്ദാക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള സേവനങ്ങൾ ലഭ്യമാണ്.
4.വ്യക്തികളുടെ അക്കൗണ്ടുകളിൽ 30, 60, 90 ദിവസത്തേയ്ക്ക് ഒന്നോ അതിൽ കൂടുതലോ എൻട്രികൾക്കായി ബന്ധുവിൻ്റെയോ സുഹൃത്തിൻ്റെയോ സന്ദർശന വീസ നീട്ടുന്നതിന് അനുവദിക്കുന്നു.