ദുബായ്: ചാംപ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മിന്നുംജയം. ബാറ്റിംഗ് തകർച്ച നേരിട്ട പാകിസ്ഥാനെ 241 – ന് എറിഞ്ഞൊതുക്കിയ ഇന്ത്യയെ സെഞ്ച്വറിയുമായി വിരാട് കോഹ്ലിയാണ് വിജയത്തിലേക്ക് നയിച്ചത്. ശ്രേയ്യസ് അയ്യരും (56), ശുഭ്മാൻ ഗിലും (46) വിരാടിന് മികച്ച പിന്തുണ നൽകി. പാകിസ്ഥാനെതിരെ മികച്ച ട്രാക്ക് റെക്കോർഡുള്ള കോലി ദുബായിലും ഫോം തുടരുന്ന കാഴ്ചയാണ് കണ്ടത്. 111 പന്തിൽ ഏഴ് ഫോറുകൾ സഹിതമാണ് കോലി സെഞ്ച്വറിയിലേക്ക് എത്തിയത്. അവസാന പന്ത് ബൌണ്ടറിയിലേക്ക് പറത്തിയ കോലി ഇന്ത്യയുടെ വിജയവും സെഞ്ച്വറിയും ഒരുമിച്ച് ഉറപ്പിച്ചു.
വിജയലക്ഷ്യമായ 242 പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണ്‍ർമാരായ രോഹിത്തും ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. മൂന്ന് ഫോറും ഒരു സിക്സും അടക്കം പതിനഞ്ച് പന്തിൽ ഇരുപത് റണ്‍ നേടിയ ക്യാപ്റ്റൻ രോഹിത് ഷഹീൻ അഫ്രീദിയാണ് പുറത്താക്കിയത്. പിന്നാലെ വിരാടിനൊപ്പം പോരാട്ടം തുടർന്ന് ഗിൽ 52 പന്തിൽ 7 ഫോറടക്കം 45 റണ്‍സ് നേടി പുറത്തായി. ശേഷം ക്രീസിലെത്തിയ ശ്രേയസ്സ് അയർ വിരാടിന് മികച്ച പിന്തുണ നൽകി. പിന്നീട് ശ്രേയ്യസ്സും ഹർദിക് പുറത്തായെങ്കിലും അക്സർ പട്ടേലിനെ കൂട്ടുപിടിച്ച് കോഹ്ലി കളി തീർത്തു.
ഒന്നാം ഇന്നിംഗിസിൽ ഇന്ത്യയ്ക്ക് എതിരെ ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ആദ്യവിക്കറ്റിൽ ഒഴികെ പൂർണമായും മെല്ലെപ്പോക്കിലായിരുന്നു. 298 പന്തുകൾ നേരിട പാക് ബാറ്റർമാർക്ക് 147 പന്തുകളിലും റൺസ് കണ്ടെത്താനായില്ല. ന്യൂസിലൻഡിനെതിരായ മുൻ മത്സരത്തിൽ 47.2 ഓവറിൽ ഓൾ ഔട്ടായ പാകിസ്ഥാൻ 161 പന്തുകളും ഡോട്ട് ബോളാക്കിയിരുന്നു. ഇതേ രീതിയാണ് ഇന്നും കണ്ടത്. പാക് ബാറ്റിംഗ് തീരും മുൻപേ തന്നെ ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളും വിമർശനവും ഉയർന്നു.
ഇന്ത്യൻ ബാറ്റർമാരിൽ നിന്നും കനത്ത പ്രഹരമാണ് പാകിസ്ഥാൻ്റെ മുൻനിര പേസർ ഷാഹീൻ അഫ്രീദി ഇന്ന് ഏറ്റുവാങ്ങിയത്. പവർപ്ലേയിൽ ഷഹീൻ അഫ്രീദി വഴങ്ങിയത് 43 റൺസാണ്. ഒരു ഏകദിന ഇന്നിംഗ്സിലെ ആദ്യ പത്ത് ഓവറിൽ ഷഹീൻ അഫ്രീദി ഇത്രയും റണ്‍സ് വിട്ടുകൊടുക്കുന്നത് ഇതാദ്യമാണ്. ഇടംകൈയ്യൻ പേസർ എറിഞ്ഞ 25 പന്തുകളിൽ നിന്ന് ഏഴ് ഫോറുകൾ സഹിതം ശുഭ്മാൻ ഗിൽ നേടിയത് 33 റൺസാണ്.
പാകിസ്ഥാൻ ഇന്നിംഗ്സ് –
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന് ഇമാം ഉൾ ഹഖും ബാബർ അസമും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 8 ഓവറിൽ 41 റൺസെടുത്തു. 26 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 23 റൺസെടുത്ത ബാബറിനെ വിക്കറ്റിന് പിന്നിൽ രാഹുലിൻറെ കൈകളിലെത്തിച്ച ഹാർദ്ദിക് പാണ്ഡ്യയാണ് പാകിസ്ഥാന് ആദ്യ പ്രഹരമേൽപ്പിച്ചത്. പിന്നാലെ ഇമാമിനെ അക്സർ പട്ടേൽ തകർപ്പനൊരു ത്രോയിലൂടെ റണ്ണൗട്ടാക്കി. ഇതോടെ പാകിസ്ഥാൻ 47-2 എന്ന സ്കോറിലേക്ക് വീണു. മൂന്നാം വിക്കറ്റിൽ മുഹമ്മദ് റിസ്വാനും സൌദ് ഷക്കീലും ചേർന്ന് ക്ഷമയോടെ ഇന്ത്യൻ ബൌളർമാരെ നേരിട്ടു.
76 പന്തിൽ 62 നേടിയ സൌദിനെ ഹർദിക് പാണ്ഡ്യയുടെ പന്തിൽ അക്സർ ക്യാച്ചെടുത്ത് പുറത്താക്കി. റിസ്വാനേയും അക്സർ തന്നെയാണ് പുറത്താക്കിയത്. തുടർന്ന് വന്നപാക് ബാറ്റർമാരിൽ 38 റണ്‍സെടുത്ത കുഷദലിക്ക് അല്ലാതെ മറ്റാർക്കും പിടിച്ചു നിൽക്കാനായില്ല. 49ാം ഓവറിലെ നാലാം പന്തിൽ പാകിസ്ഥാൻ 241 റണ്‍സിന് ഓൾ ഔട്ടായി.
ഇന്ത്യൻ ബൌളർമാരിൽ കുൽദീപ് യാദവ് നാൽപ്പത് റണ്‍ വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹർദിക്ക് പാണ്ഡ്യയ്ക്ക് രണ്ട് വിക്കറ്റും ഹർഷിത് റാണ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവക്ക് ഓരോ വിക്കറ്റുകൾവീതവു ലഭിച്ചു. എട്ട് ഓവർ എറിഞ്ഞ മുഹമ്മദ് 43 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.
സൗദ് ഷക്കീലും മുഹമ്മദ് റിസ്വാനും ചേർന്ന് 24 ഓവറിൽ 104 റൺസ് നേടിയപ്പോൾ 4.33 റൺസ് നേടി. 2014 മാർച്ചിന് ശേഷം പുരുഷ ഏകദിനങ്ങളിൽ പാകിസ്ഥാന്റെ സെഞ്ച്വറി കൂട്ടുകെട്ടിലെ ഏറ്റവും കുറഞ്ഞ റൺസ് നിരക്കാണിത്.
ഇന്നത്തെ മത്സരത്തിനിടെ തുടയ്ക്ക് പരിക്കേറ്റഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അൽപസമയം ഗ്രൌണ്ടിൽ നിന്നും വിട്ടു നിന്നിരുന്നു. ഒന്നാം ഇന്നിംഗ്സിൽ പാക്കിസ്ഥാൻ ബാറ്റ് ചെയ്യുമ്പോൾ പത്ത് ഓവറോളം ടീമിനെ നയിച്ചത് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ്. പിന്നീട് ഫിൽഡിൽ തിരിച്ചെത്തിയ രോഹിത് ബാറ്റിംഗിന് ഇറങ്ങിയപ്പോഴും നടക്കാൻ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു.
റെക്കോർഡുകൾ അനവധി…
പാകിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി മത്സരത്തിൽ റെക്കോർഡുകൾ മറികടന്ന് കോലിയും രോഹിത്തും ഹർദിക് പാണ്ഡ്യയും. പാകിസ്ഥാനെതിരെ അർധ സെഞ്ച്വറി നേടിയ കോലി മത്സരത്തിനിടെ ഏകദിന ക്രിക്കറ്റിൽ 14000 റണ്‍സ് ക്ലബിലേക്കും പ്രവേശിച്ചു.ഏറ്റവും കുറവ് ഇന്നിംഗ്സുകൾ കളിച്ച് ഈ നേട്ടത്തിലേക്ക് എത്തുന്ന താരം എന്ന സവിശേഷതയും വിരാടിൻ്റെ നേട്ടത്തിനുണ്ട്.
350 ഇന്നിംഗ്സ് കളിച്ച് 14000 ക്ലബിലേക്ക് എത്തിയ സച്ചിനെയാണ് വിരാട് മറികടന്നത്. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ല സംഗക്കാര 378 ഇന്നിംഗ്സുകളിൽ നിന്നാണ് 14000 ക്ലബിലേക്ക് എത്തിയത്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 8000,9000,10000,11000,12000,13000,14000 റണ്‍ നേട്ടം സ്വന്തമാക്കിയ താരവും വിരാട് കോഹ്ലിയാണ്.
ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന ഫിൽഡർ എന്ന നേട്ടവും ഇന്ന് വിരാട് സ്വന്തമാക്കി. 158 ക്യാച്ചുകളാണ് നിലവിൽ വിരാടിൻ്റെ പേരിലുള്ളത്. 156 ക്യാച്ച് നേടിയ മുഹമ്മദ് അസ്ഹറുദിനാണ് വിരാടിന് പിന്നിൽ ഫിൽഡർമാരുടെ പട്ടികയിൽ ഉള്ളത്. അന്താരാഷ്ട്ര ഏറ്റവും കൂടുതൽ ക്യാച്ച് നേടിയ ഫിൽഡർമാരുടെ പട്ടികയിൽ മഹേല ജയവർധനയും (218) റിക്കി പോണ്ടിംഗും (160) ആണ് ക്യാച്ചുകളുടെ എണ്ണത്തിൽ നിലവിൽ വിരാടിന് മുന്നിലുള്ളത്.
ഓപ്പണറായി ഇറങ്ങി ഏറ്റവും വേഗത്തിൽ 9000 റണ്‍സ് നേടുന്ന താരം എന്ന നേട്ടം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇന്ന് സ്വന്തമാക്കി. 181 ഇന്നിംഗ്സുകളിൽ നിന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 197 ഇന്നിംഗ്സിൽ നിന്നും 9000 റണ്‍സ് നേടിയ സച്ചിനെയാണ് ഇന്ത്യൻ ക്യപ്റ്റൻ ഇതോടെ പിന്നിലാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 വിക്കറ്റും 4000 റണ്‍സും എന്ന നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമായി ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ. സച്ചിൻ, കപിൽ ദേവ്, രവി ശാസ്ത്രി, രവീന്ദ്ര ജഡേജ, രവി അശ്വിൻ, എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ.