നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് ചോർന്ന സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്തെ നെയ്മർ ആരാധികയുടെ ചോദ്യപേപ്പറും ഉത്തരവും സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഡിഡിഇ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഉത്തരക്കടലാസ് പുറത്തുവന്ന കാര്യം അന്വേഷിക്കുന്നത് സ്വാഭാവിക നടപടിയാണെന്നും ഗൗരവമുള്ള വിഷയമായി തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടി സ്വന്തം അഭിപ്രായം എഴുതി. കലാപമുണ്ടാക്കുന്നതോ, പരീക്ഷയെ അട്ടിമറിക്കുന്നതോ അല്ല വിദ്യാർത്ഥിയുടെ അഭിപ്രായമെന്നും മന്ത്രി വ്യക്തമാക്കി.
നാലാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായത്. അർജന്റീനൻ ഫുട്ബോൾ താരം ലയണൽ മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് നെയ്മർ ആരാധികയായ വിദ്യാർത്ഥിനി വിയോജനക്കുറിപ്പ് എഴുതിയത് വൈറലാവുകയായിരുന്നു.’ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസ്സിയെ ഇഷ്ടമല്ല.’ എന്നായിരുന്നു മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് നെയ്മർ ആരാധിക ഉത്തരക്കടലാസിൽ എഴുതിയത്.