കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയാണ് നടൻ വിനീത് ശ്രീനിവാസൻ ഗാനമേള കഴിഞ്ഞ് ഓടുന്നത്. ഗാനമേള പ്രോഗ്രാമിന് ശേഷം വിനീത് ശ്രീനിവാസൻ ഓടിരക്ഷപ്പെട്ടുവെന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്.
എന്നാല്‍ ഇപ്പോൾ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. ഗാനമേള കുളമായതുകൊണ്ടല്ല ആരാധകരുടെ തിരക്ക് നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍ അദ്ദേഹം കാറിലേക്ക് ഓടി പോവുകയായിരുന്നു എന്ന് സുനീഷ് പറഞ്ഞു. വിനീത് നടത്തിയത് ഗംഭീരമായ പരിപാടി ആയിരുന്നു എന്നും സുനിഷ് പറഞ്ഞു.
വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു. രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും, സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു പരിപാടിയ്ക്ക്. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും, ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. ‘പ്രോഗ്രാം മോശമായി, വിനീത് ഓടിരക്ഷപ്പെട്ടു’ എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ് എന്നും സുനീഷ് വാരനാട് ഫേസ്ബുക്കിൽ കുറിച്ചു.