ഇൻസ്റ്റാൾമെന്റ് കച്ചവടത്തിൽ ആറ് പതിറ്റാണ്ടിലധികം പാരമ്പര്യം ഉള്ള പാലക്കാട് ജില്ലയിലെ വിളത്തൂർ എന്ന ഗ്രാമം ശ്രദ്ധേയമാവുകയാണ്. തലച്ചുമടായും ഉന്തുവണ്ടിയിലുമായി ഇൻസ്റ്റാൾമെന്റിൽ സാധനങ്ങൾ വിറ്റ ചരിത്രവുമുണ്ട് ഇവിടുത്തുകാർക്ക്. തലമുറകളായി തുടർന്ന് വരുകയാണ് ഈ ഇൻസ്റ്റാൾമെന്റ് കച്ചവടം. പലരും ഗൾഫുകളിലേക്ക് ജോലി തേടി പോയെങ്കിലും വിളത്തൂരിലെ ഇൻസ്റ്റാൾമെന്റ് കച്ചവടത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് വാർഡ് മെമ്പർ കൂടിയായ പി ടി ഹംസ പറയുന്നു.
ചെറിയ ചെറിയ കടകളിൽ നിന്ന് തുടങ്ങി ഇന്ന് വലിയ ഷോപ്പുകൾ വിളത്തൂരിൽ ഇൻസ്റ്റാൾമെന്റ് കച്ചവടം നടത്തുന്നുണ്ട്. പുറത്ത് നിന്നും നിരവധി ആളുകൾ വരുന്നുണ്ടെങ്കിലും കൂടുതൽ ഉപഭോക്താക്കളായി പ്രദേശവാസികൾ തന്നെയാണുള്ളത്. ഇവിടുന്ന് സാധനങ്ങൾ വാങ്ങി കൊല്ലത്തും കാസർഗോഡും വരെ പോയി ഇൻസ്റ്റാൾമെന്റ് കച്ചവടം നടത്തുന്നവർ ധാരാളമുണ്ട്.
ശനി ഞായർ ദിവസങ്ങളിലായാണ് ഇൻസ്റ്റാൾമെന്റ് കച്ചവടക്കാർ സാധനങ്ങളുമായി പോവുക. അഞ്ചോ ആറോ ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും സാധങ്ങൾ എടുക്കാൻ വിളത്തൂരിലെത്തും. കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള സാധങ്ങൾ വിൽക്കുന്നതുകൊണ്ട് തന്നെ പ്രദേശത്തിനകത്തും പുറത്തുമായി നിരവധി ആവശ്യക്കാരാണുള്ളത്. ചെറിയ സാധനങ്ങൾ മുതൽ എ സിയും റഫ്രിജറേറ്ററും വരെ ഇവിടെ ഇൻസ്റ്റാൾമെന്റിൽ ലഭിക്കും.
സാധനങ്ങൾ നിർമിക്കുന്ന സ്ഥലത്തു നിന്നും നേരിട്ട് കച്ചവടത്തിനെത്തിക്കുന്നതിനാൽ തന്നെയാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വിൽക്കാനും ഗുണ നിലവാരം ഉറപ്പാക്കാനും സാധിക്കുന്നതെന്നാണ് വ്യാപാരിയായ മുഹമ്മദ് സലിം പറയുന്നത്. ഇവിടെ ഇടനിലക്കാരില്ല. ഈ നാട്ടിൽ ജോലിയില്ലാത്ത ചെറുപ്പക്കാരുമില്ല. കിട്ടുന്ന ലാഭത്തിൽ നിന്ന് ഒരു പങ്ക് സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും ഇവിടുത്തുകാർ വിനിയോഗിക്കാറുണ്ട്. രോഗികൾക്കും വീടില്ലാത്തവർക്ക് വീട് വച്ച് നൽകിയും ഇതിനോടകം ഒരുപാട് സേവനങ്ങൾ ഇവർ നടത്തിക്കഴിഞ്ഞു. വീട്ടുപകരണങ്ങൾ ഒന്നിച്ചു വാങ്ങാൻ കഴിയാത്ത നിരവധി കുടുംബങ്ങൾക്ക് വിളത്തൂർ എന്ന ‘ഇൻസ്റ്റാൾമെന്റ് ഗ്രാമം’ വലിയ ആശ്വാസം തന്നെയാണ്