നടൻ വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി സൂചന. നിലവിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയാക്കിയ നടൻ ഇനി അഭിനയിക്കാനുള്ളത് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. 2024ൽ ദീപാവലി റിലീസായി തീയേറ്ററിലെത്തുന്ന ഈ ചിത്രത്തിന് ശേഷം വിജയിക്ക് വേറെ സിനിമകളുടെ നിലവിൽ കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. അടുത്ത മൂന്നോ നാലോ വർഷത്തേക്ക് അദ്ദേഹം സിനിമകളൊന്നും ചെയ്യില്ലെന്നാണ് ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്ത വർഷം മെയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കും എന്നാണ് അഭ്യൂഹങ്ങൾ. 2026-ൽ നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നടൻ നീങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം നടന്ന തമിഴ്നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയ് ഫാൻസ് മത്സരിക്കുകയും നിരവധി സീറ്റുകളിൽ വിജയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിജയ് സ്വന്തം നിലയിൽ പരിപാടി സംഘടിപ്പിച്ച് ആദരിച്ചത്. ഈ പരിപാടിക്കായി ദിവസം മുഴുവൻ വിജയ് സ്റ്റേജിൽ ചിലവിട്ടിരുന്നു. തമിഴ്നാട്ടിൽ പണം വാങ്ങി വോട്ട് ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തിൽ സ്വന്തം മാതാപിതാക്കൾക്ക് കുട്ടികൾ സമ്മർദ്ദം ചെലുത്തണമെന്നും വിജയ് പരിപാടിയിൽ ആവശ്യപ്പെട്ടിരുന്നു. സമീപകാലത്തായി നടൻ പ്രതിഫലം കുത്തനെ വർധിപ്പിച്ചത് രാഷ്ട്രീയ പാർട്ടിക്ക് പ്രവർത്തനമൂലധനം കണ്ടെത്താനാണെന്നും സൂചനയുണ്ടായിരുന്നു.
മക്കൾ നീതി മെയ്യം എന്ന പേരിൽ നടൻ കമലഹാസന് നിലവിൽ രാഷ്ട്രീയപാർട്ടിയുണ്ട്.ഡിഎംഡികെ എന്ന പാർട്ടിയുമായി വിജയകാന്തും രാഷ്ട്രീയത്തിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. ആരാധകകൂട്ടായ്മയെ പൊതുപ്രവർത്തന രംഗത്ത് സജീവമാക്കി നിർത്തി പിന്നീട് അതിനെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുകയാണ് വിജയകാന്ത് ചെയ്തത്. ഇതേ മാതൃകയാവും വിജയും പിന്തുടരുക എന്നാണ് സൂചന.